മരുന്ന് നല്‍കുമ്പോള്‍
പാര്‍ശ്വഫലവും പറയണംമദ്യപാനിയായ ആള്‍ക്ക് പാര്‍ശ്വഫലത്തെപ്പറ്റി മുന്നറിയിപ്പു നല്‍കാതെ പ്രമേഹത്തിനു മരുന്ന് നല്‍കി അയാളുടെ മരണത്തിനിടയാക്കിയ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ വിധിച്ചു. ശിക്ഷിക്കപ്പെട്ട ഡോക്ടര്‍ ഗോവ സംസ്ഥാന ഉപഭോക്തൃ ഫോറത്തിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഈ വിധി. മൂത്രംമാത്രം പരിശോധിച്ച് ഒരാള്‍ക്ക് പ്രമേഹമുണ്ടെന്ന തീരുമാനത്തിലെത്തിയ ഡോക്ടറുടെ നടപടി തെറ്റാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗോവയില്‍നിന്നുള്ള സുമിത്ര പ്രഹ്ളാദിന്റെ അപ്പീല്‍ പരിഗണിച്ചാണ് സംസ്ഥാന ഫോറം ഉത്തരവിട്ടത്. ചുമയും ജലദോഷവുമായാണ് ഭര്‍ത്താവ് പ്രഹ്ളാദ് കൊര്‍ഗാവോണ്‍കറെ സുമിത്ര അല്‍ഡാണ ഗ്രാമത്തില്‍ ഡോക്ടറായ വി കെ ഘോടേക്കറുടെ അടുത്തെത്തിച്ചത്. ചില മരുന്നുകള്‍ നല്‍കിയ ഡോക്ടര്‍ രണ്ടുദിവസം കഴിഞ്ഞ് പരിശോധനയ്ക്ക് മൂത്രം എത്തിക്കാന്‍ പറഞ്ഞു. മൂത്രം പരിശോധിച്ചശേഷം പഞ്ചസാരയുടെ അളവ് കൂടുതലാണെന്നും ദിവസവും 5 മില്ലിഗ്രം യൂഗ്ളൂകോണ്‍ (യൂഗ്ലോകന്‍) ഗുളിക കഴിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ഉപദേശം.
ഗുളിക മൂന്നുദിവസം കഴിച്ചു. മൂന്നാംനാള്‍ വല്ലാതെ വിയര്‍ത്ത പ്രഹ്ളാദ് പെട്ടെന്ന് അബോധാവസ്ഥയിലായി. കുറച്ചു ദിവസത്തിനുശേഷം ബോധം തെളിഞ്ഞെങ്കിലും 40 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. വീട്ടിലെത്തിയശേഷവും പ്രഹ്ളാദിനെ ആശുപത്രിയിലാക്കേണ്ടിവന്നു. ആറുമാസത്തിനുശേഷം വീണ്ടും ആശുപത്രിയിലായ പ്രഹ്ളാദ് മരിച്ചു. 45-ാം വയസ്സിലായിരുന്നു മരണം.
ഭര്‍ത്താവിന് പ്രമേഹമുണ്ടോ എന്ന് ഉറപ്പാക്കാതെയാണ് ഡോക്ടര്‍ മരുന്നു നല്‍കിയതെന്നായിരുന്നു സുമിത്രയുടെ ഒരാരോപണം. വളരെ സൂക്ഷിച്ചു നല്‍കേണ്ട മരുന്നാണ് യൂഗ്ളൂകോണ്‍ എന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കി മരുന്നിന്റെ തോത് ക്രമീകരിക്കേണ്ടതുമാണ്. ഹൈപ്ളോഗ്ളൈസീമിയ മൂലമാണ് ഭര്‍ത്താവ് മരിച്ചതെന്നും അലക്ഷ്യമായി യൂഗ്ളൂകോണ്‍ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നും സുമിത്ര വാദിച്ചു.
ആദ്യം ജില്ലാ ഉപഭോക്തൃഫോറത്തിലാണ് സുമിത്ര പരാതി നല്‍കിയത്. ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായതായി കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫോറം അപേക്ഷ തള്ളി. എന്നല്‍ സംസ്ഥാന കമീഷന്‍ സുമിത്രയ്ക്ക് അനുകൂലമായി വിധിച്ചു. ഇതിന് കമീഷന്‍ പറഞ്ഞ കാരണങ്ങള്‍ ഇവയാണ്:
1. രോഗിക്ക് പ്രമേഹം ഉണ്ടോ എന്നുപോലും ഡോക്ടര്‍ പ്രാഥമികമായി ഉറപ്പാക്കിയില്ല.
2. അങ്ങനെ ചെയ്യാതെതന്നെ പ്രമേഹത്തിനുള്ള ശക്തമായ മരുന്ന് നല്‍കി.
3. മദ്യപിക്കുന്ന ആളായിരുന്നു രോഗി. മരുന്ന് കഴിക്കുമ്പോള്‍ മദ്യപിക്കരുതെന്നോ, ഭക്ഷണം കഴിഞ്ഞേ മരുന്ന് കഴിക്കാവൂ എന്നോ പറഞ്ഞില്ല.
4. രോഗി അബോധാവസ്ഥയിലായത് മരുന്നിന്റെ പാര്‍ശ്വഫലം മൂലമാണ്.
ഇതൊക്കെ പരിഗണിച്ച് 1,09,000 രൂപയും അതിന് 18 ശതമാനം പലിശയും കോടതിച്ചെലവിന് 5000 രൂപയും നല്‍കാനായിരുന്നു സംസ്ഥാന കമീഷന്റെ വിധി.
ഈ വിധിക്കെതിരെ ഡോക്ടറാണ് ദേശീയ കമീഷനിലെത്തിയത്.
പ്രമേഹം കണ്ടെത്താന്‍ നടത്തുന്ന ആദ്യ ടെസ്റ്റുകളിലൊന്നാണ് മൂത്രപരിശോധന എന്ന് ഡോക്ടര്‍
വാദിച്ചു. യൂഗ്ളൂകോണിന്റെ ഏറ്റവും കുറഞ്ഞ ഡോസാണ് രോഗിക്കു നല്‍കിയത്. രോഗി മരുന്ന് കഴിച്ചതിനു തെളിവില്ല. മരുന്ന് കഴിച്ചതുകൊണ്ടാണ് അബോധാവസ്ഥയിലായത് എന്നും തെളിയിക്കാനായിട്ടില്ല. അബോധാവസ്ഥയില്‍ പ്രവേശിപ്പിച്ച ആശുപത്രിയിലെ രക്തപരിശോധനയില്‍ രക്തത്തില്‍ പഞ്ചസാര ഉയര്‍ന്ന അളവില്‍ കണ്ടിരുന്നു. മൂന്നു യൂഗ്ളൂകോണ്‍ കഴിച്ച് ആറുമാസത്തിനുശേഷമുണ്ടായ മരണം ഗുളികമൂലമെന്ന് പറയാനാകില്ല തുടങ്ങിയ വാദങ്ങളാണ് ഡോക്ടര്‍ ഉയര്‍ത്തിയത്.
മരിച്ച പ്രഹ്ളാദിന്റെ ഡോക്ടറായ മകനാണ് ദേശീയഫോറത്തില്‍ കേസ് വാദിച്ചത്. മൂത്രപരിശോധനയിലൂടെമാത്രം പ്രമേഹം കണ്ടെത്താനാവില്ലെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. മദ്യപാനികളില്‍ പല കാരണങ്ങളാല്‍ പഞ്ചസാരയുടെ അളവ് കൂടാം. പ്രഹ്ളാദ് മദ്യപാനിയാണെന്ന് ഡോക്ടര്‍ക്ക് അറിയാമായിരുന്നു. ഡോക്ടറെ കാണുമ്പോള്‍ ചുമയും ജലദോഷവും അല്ലാതെ പ്രഹ്ളാദിന് മറ്റ് കാര്യമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല.
ഡോക്ടറെ കണ്ട് നാലഞ്ചു ദിവസത്തിനുള്ളിലാണ് പ്രഹ്ളാദ് അബോധാവസ്ഥയിലായത്. ഇതിനു കാരണം മരുന്നുകഴിച്ചതല്ലാതെ മറ്റൊന്നുമല്ല - മകന്‍ വാദിച്ചു.
ഇരു കൂട്ടരുടെയും വാദങ്ങള്‍ കേട്ടശേഷമാണ് ഡോക്ടറുടെ വീഴ്ചയാണ് പ്രഹ്ളാദിന്റെ മരണത്തിനിടയാക്കിയതെന്ന നിഗമനത്തില്‍ ദേശീയ കമീഷന്‍ എത്തിയത്.
ചുമയുമായി വന്ന രോഗിയുടെ മൂത്രം പരിശോധിക്കാന്‍ നിര്‍ദേശിച്ചത് എന്തുകൊണ്ടാണെന്ന് പ്രതിയായ ഡോക്ടറോട് ദേശീയകമീഷന്‍ ചോദിച്ചു. മദ്യത്തിന്റെ മണമുണ്ടായിരുന്നതിനാലാണ് മൂത്രപരിശോധനയ്ക്ക് നിര്‍ദേശിച്ചതെന്നായിരുന്നു ഡോക്ടറുടെ മറുപടി.
യൂഗ്ളൂകോണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചുമാത്രം നല്‍കേണ്ട മരുന്നാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ഭക്ഷണക്രമം നിയന്ത്രിച്ചും വ്യായാമംചെയ്തും ഭാരംകുറച്ചും മറ്റും പഞ്ചസാര നിയന്ത്രിക്കാനാകാതെവരുമ്പോള്‍ നല്‍കേണ്ടതാണ് മരുന്ന്. പഞ്ചസാര നോക്കി മരുന്നിന്റെ അളവും ക്രമീകരിക്കണമെന്ന് ആരോഗ്യശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നു. ഈ മരുന്ന് ചെന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയാനിടയുണ്ടെന്നും വ്യക്തമാണ്. ഭക്ഷണം കഴിഞ്ഞാലുടനെയേ മരുന്നു കഴിക്കാവൂ. മരുന്നു കഴിക്കുമ്പോള്‍ മദ്യപിക്കാനും പാടില്ല. ഈ മുന്‍കരുതലുകളൊന്നും എടുക്കാതെയാണ് അഞ്ചുദിവസം യൂഗ്ളൂകോണ്‍ കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പ്രഹ്ളാദ് രക്തത്തിലെ പഞ്ചസാര ഗണ്യമായി കുറഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടറുടെ മൊഴിയുണ്ട്. ഗ്ളൂക്കോസ് കുത്തിവച്ചാണ് അവര്‍ പ്രഹ്ളാദിനെ ചികിത്സിച്ചത്. പ്രമേഹമില്ലാത്ത രോഗിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന മരുന്ന് നല്‍കിയതാണ് പ്രശ്നമായതെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. ഇടവിട്ടുള്ള രക്തപരിശോധനയ്ക്കുശേഷം മാത്രമേ പ്രമേഹം നിര്‍ണയിക്കാനാവൂവെന്ന് ആധികാരിക മെഡിക്കല്‍ ഗ്രന്ഥങ്ങളും വിദഗ്ധരെയും ഉദ്ധരിച്ച് ദേശീയ കമീഷന്‍ ചൂണ്ടിക്കാട്ടി.
പ്രഹ്ളാദ് മദ്യപിച്ചിരുന്നതായി ഡോക്ടര്‍ക്കറിയാമായിരുന്നു. അങ്ങനെയുള്ളവരുടെ മൂത്രപരിശോധനയില്‍ പഞ്ചസാര കൂടുതലുള്ളതായി തെറ്റായ ഫലം വരാം. എന്നിട്ടും പ്രമേഹത്തിന് മരുന്ന് നല്‍കുകയാണ് ഡോക്ടര്‍ ചെയ്തത്. താന്‍ നല്‍കിയ അളവിലുള്ള യൂഗ്ളൂകോണ്‍ കുഴപ്പമുണ്ടാക്കില്ലെന്ന ഡോക്ടറുടെ വാദവും ആധികാരികപഠനങ്ങള്‍ ഉദ്ധരിച്ച് ദേശീയഫോറം തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തില്‍ സംസ്ഥാന ഫോറത്തിന്റെ വിധി ശരിവയ്ക്കുകയാണെന്ന് അധ്യക്ഷന്‍ ജ. എം ബി ഷാ, അംഗങ്ങളായ രാജ്യലക്ഷ്മി റാവു, പി ഡി ഷേണായി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.