Friday, February 17, 2012

സ്വന്തം സ്ഥലത്ത് കെട്ടിടം പണിയാന്‍ കരാര്‍ 
നല്‍കുന്നയാള്‍ "ഉപയോക്താവ്"
അഡ്വ. കെ ആര്‍ ദീപ
Posted on: 16-Feb-2012 04:28 PM


ഡല്‍ഹി കൈലാസ് കോളനിനിവാസി ഫക്കീര്‍ചന്ദ് ഗുലാത്തി സ്വന്തം സ്ഥലം ഉപ്പാള്‍ എന്ന കെട്ടിടനിര്‍മാണ കമ്പനിക്ക് നല്‍കി. അവരുമായി കരാറുമുണ്ടാക്കി. നിലവിലുള്ള കെട്ടിടം പൊളിച്ച് ആവശ്യമായ അനുമതികള്‍ ലഭ്യമാക്കി കമ്പനി അവിടെ കെട്ടിടം പണിയണം. പണി തീര്‍ന്നാല്‍ താഴത്തെനില ഗുലാത്തിക്കായിരിക്കും. അവിടെ മൂന്നു കിടപ്പുമുറി ഉണ്ടാകണമെന്നും കരാര്‍ പറയുന്നു. മറ്റു സൗകര്യങ്ങളുടെ കാര്യവും പറയുന്നുണ്ട്. ഇതുകൂടാതെ എട്ടുലക്ഷം രൂപയും നിര്‍മാണകമ്പനി നല്‍കണം. ഒന്നാമത്തെ നിലയും രണ്ടാംനിലയും പൂര്‍ണമായും കമ്പനിക്കാണ്. ഭൂമിയുടെ അവകാശവും എങ്ങനെയാകണമെന്ന് വിവരിക്കുന്നുണ്ട്.ചട്ടപ്രകാരമുള്ള അനുമതികള്‍ വാങ്ങി കെട്ടിടം പൂര്‍ത്തിയാക്കേണ്ടത് കമ്പനിയാണ്.കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ച് അംഗീകൃത പ്ലാനില്‍നിന്നു മാറി പണിചെയ്തതായി ചൂണ്ടിക്കാട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടപടിയെടുത്തു. നിര്‍മാണസ്ഥലം മുദ്രവച്ചു. എന്നാല്‍ പിന്നീട് നിര്‍മാണത്തിലെ പിശകുകള്‍ തിരുത്താന്‍ അനുമതി നല്‍കി. കമ്പനി കെട്ടിടം പണിതീര്‍ത്ത് കൈമാറി.

നിര്‍മാണത്തില്‍ പല അപാകങ്ങളും കണ്ട ഗുലാത്തി അവ തീര്‍ത്തുതരണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് കത്തയച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ രേഖകളും ആവശ്യപ്പെട്ടു. കമ്പനി അനങ്ങിയില്ല. ഗുലാത്തി ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കി. കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരം കൈമാറുക, പണി തീര്‍ത്തതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ജില്ലാ ഫോറത്തിന്റെ വിധി. നിയമപ്രകാരം ഗുലാത്തി ഉപയോക്താവാകില്ലെന്നും ഫോറം നിരീക്ഷിച്ചു. സംസ്ഥാന ഫോറത്തിലെ അപ്പീലും തള്ളി.

കെട്ടിടം നിര്‍മിച്ചത് സഹകരണ സ്വഭാവമുള്ള കരാറിലൂടെയാണെന്നും അതുകൊണ്ട് എന്തെങ്കിലും സേവനം (service) അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പരാതിക്കാരന്‍ ഉപയോക്താവോ കമ്പനി സേവനദാതാവോ ആകില്ലെന്നും കമീഷന്‍ വിധിച്ചു.ഗുലാത്തി ദേശീയ കമീഷനെ സമീപിച്ചു. അവിടെയും വിധി പ്രതികൂലമായി. ദേശീയ ഫോറവും സംസ്ഥാന കമീഷന്റെ നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു. അപ്പീല്‍ തള്ളി. ഈ വിധിക്കെതിരെയാണ് ഗുലാത്തി സുപ്രീം കോടതിയെ സമീപിച്ചത്. കെട്ടിടനിര്‍മാണംകൃത്യമായും ഉപഭോക്തൃസേവനത്തിന്റെ പരിധിയില്‍ വരുമെന്ന് വിവിധ വിധികളും ഉപഭോക്തൃസംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ഉദ്ധരിച്ച് ജ. ആര്‍ വി രവീന്ദ്രന്‍ പറഞ്ഞു. നല്‍കുന്ന സേവനം പറഞ്ഞ നിലവാരത്തിലുള്ളതല്ലെങ്കില്‍ അതും ഉപഭോക്തൃനിയമപരിധിയില്‍ വരും.ഈ കേസില്‍ കെട്ടിടനിര്‍മാണത്തെ സംയുക്തസംരംഭമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു.

കരാറുള്ളതുകൊണ്ട് സംയുക്തസംരംഭമാണെന്ന ഉപഭോക്തൃഫോറങ്ങളുടെ കാഴ്ചപ്പാട് തെറ്റാണ്. കെട്ടിടം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ചുമതലയേ തങ്ങള്‍ക്കുള്ളൂ എന്നും അത് ലഭ്യമാക്കേണ്ട ചുമതലയില്ലെന്നുമുള്ള കമ്പനിയുടെ വാദവും കോടതി തള്ളി. ചട്ടങ്ങളെല്ലാം പാലിച്ച് കെട്ടിടം പൂര്‍ത്തിയാക്കി കൈമാറുക എന്നതുതന്നെയാണ് കമ്പനിയുടെ ഉത്തരവാദിത്തം. ഇതില്‍ വീഴ്ചവന്നാല്‍ അത്് സേവനത്തിലെ വീഴ്ചതന്നെയാണ്. ഇക്കാര്യങ്ങളൊക്കെ വളരെ അലസമായാണ് ജില്ലാ ഉപഭോക്തൃഫോറവും സംസ്ഥാന കമീഷനും പരിഗണിച്ചത്. അതുകൊണ്ട് ജില്ലാഫോറം വീണ്ടും കേസ് കേട്ട് നിയമപ്രകാരം ആറു മാസത്തിനകം തീര്‍പ്പാക്കണം. കേസിന്റെ ചെലവിലേക്ക് ഗുലാത്തിക്ക് കമ്പനി 25,000 രൂപയും നല്‍കണം- 2008 ജൂലൈ 10 ന്റെ വിധിയില്‍ പറഞ്ഞു.