ഇടക്കാല ഉത്തരവിലൂടെ മെഡിക്കല്‍ സീറ്റ് കൂട്ടിയത് തെറ്റ്
കെ ആര്‍ ദീപ
Posted on: 19-Jan-2012 02:59 PM
സീറ്റ് വര്‍ധിപ്പിക്കാനാവില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയ മെഡിക്കല്‍ കോളേജില്‍ ഇടക്കാല ഉത്തരവിലൂടെ സീറ്റ് കൂട്ടിനല്‍കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. ഇത്തരത്തില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുംവിധം ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കുന്ന രീതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.മൈസൂരുവിലെ ജെഎസ്എസ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് സീറ്റ് തര്‍ക്കമാണ് സുപ്രീം കോടതിയിലെത്തിയത്. 2011-12 അധ്യയനവര്‍ഷം അവിടുത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 150ല്‍നിന്ന് 200 ആക്കാന്‍ അനുമതി നല്‍കിയ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാലവിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയിലെത്തിയത്. സീറ്റ് 250 ആക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2010 നവംബറില്‍ ജെഎസ്എസ് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കി. കോളേജിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചു. പരിശോധനയില്‍ കോളേജില്‍ എല്ലാ രംഗത്തും അപര്യാപ്തത കണ്ടെത്തി. കെട്ടിടമില്ല, ചികിത്സാസൗകര്യമില്ല, ഉപകരണങ്ങളില്ല തുടങ്ങിയ കുറവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സൗകര്യങ്ങള്‍ ഉണ്ടെന്ന് കോളേജ് വാദിച്ചു. 250 സീറ്റ് പറ്റില്ലെങ്കില്‍ 200 സീറ്റ് നല്‍കണമെന്നായി ആവശ്യം. മെഡിക്കല്‍ കൗണ്‍സിലിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം ഈ ആവശ്യം തള്ളി. പുനഃപരിശോധന വേണമെന്ന കോളേജിന്റെ ആവശ്യവും മെഡിക്കല്‍ കൗണ്‍സില്‍ നിരസിച്ചു. 2011 ജൂണില്‍ ഇക്കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ അന്തിമതീര്‍പ്പ് കല്‍പ്പിച്ചു.
മെഡിക്കല്‍ കോളേജ് ഹൈക്കോടതിയെ സമീപിച്ചു. കേസ് തീര്‍പ്പാക്കുന്നതുവരെ 200 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ ഇടക്കാല ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച ഹൈക്കോടതി 200 സീറ്റില്‍ പ്രവേശനത്തിന് കോളേജിന് അനുമതി നല്‍കി. എന്തെങ്കിലും അപര്യാപ്തത കോളേജിനുണ്ടെങ്കില്‍ മെഡിക്കല്‍ കൗണ്‍സിലിന് അത് ചൂണ്ടിക്കാട്ടാമെന്നും അത് പരിഹരിക്കാന്‍ മൂന്നുമാസത്തെ സമയം അനുവദിക്കാവുന്നതാണെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഈ ഉത്തരവിനെതിരെയാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ചെയ്തത് തീര്‍ത്തും തെറ്റാണെന്ന് ജ. എച്ച് എല്‍ ദത്തുവും ചന്ദ്രമൗലി പ്രസാദും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു. സീറ്റ് വര്‍ധിപ്പിക്കുന്ന ഒരു ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിക്കാന്‍ പാടില്ലായിരുന്നു. അത്തരത്തിലൊരു ഉത്തരവിന്റെ ദൂരവ്യാപക പ്രത്യാഘാതം കോടതി പരിഗണിക്കേണ്ടിയിരുന്നു. ഈ ഉത്തരവനുസരിച്ച് കുറേ കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. ഇവരില്‍ കുറച്ചുപേര്‍ ഇതിലെ അപകടത്തെപ്പറ്റി അറിവുള്ളവരാകും. ബാക്കിയുള്ളവര്‍ അറിയാത്തവരും. ഇതുപോലെയുള്ള മിക്ക കേസിലും കോളേജിനെതിരെ തീരുമാനമെടുക്കാന്‍ ഒരുങ്ങുമ്പോള്‍ കുട്ടികളുടെ ദുഃസ്ഥിതി ഉയര്‍ത്തിക്കാട്ടി കോടതിയുടെ സഹതാപം നേടിയെടുക്കാനാകും ശ്രമം. ഇത് വളരെ അസുഖകരവും വിഷമംപിടിച്ചതുമായ സ്ഥിതിയുണ്ടാക്കും. കോളേജില്‍ സീറ്റ് വര്‍ധിപ്പിച്ചത് സ്വീകാര്യമല്ല എന്നാണ് കോടതി കണ്ടെത്തുന്നതെങ്കില്‍ അതിനര്‍ഥം കുട്ടികളുടെ പ്രവേശനം നിയമവിരുദ്ധമാണെന്നുതന്നെയാണ്. അത്തരത്തില്‍ നിയമവിരുദ്ധമായ രീതിയില്‍ പ്രവേശനം നേടിയവരെന്നു കണ്ടെത്തിയ കുട്ടികളെ തുടരാന്‍ അനുവദിച്ചാല്‍ നിയമവ്യവസ്ഥയ്ക്കുതന്നെ വിനാശകരമായ കാര്യമായി അത് മാറും.
നിയമം നടപ്പാക്കുകയും നിയമത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയുമാണ് കോടതിയുടെ ചുമതല. മെഡിക്കല്‍ കൗണ്‍സിലിന്റെ അധികാരത്തില്‍പ്പെടുന്ന ചുമതല ഏറ്റെടുത്ത് ഇടക്കാല ഉത്തരവിലൂടെ സീറ്റ് കൂട്ടാന്‍ കോടതികള്‍ മുതിരരുത്. ഇടക്കാല ഉത്തരവ് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പുള്ള ഒരു കേസില്‍ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ പാടില്ല. ഇക്കാര്യം മുമ്പുതന്നെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യവസ്ഥാപിതമായ നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കിയാല്‍ അത് ആ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെ ആപത്തിലാക്കും എന്ന് 2004ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വേഴ്സസ് രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുവദിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2012 ജനുവരി 11 നായിരുന്നു വിധി