അപേക്ഷകൊണ്ടു മാത്രം പോളിസി ഉടമയാകില്ല
അഡ്വ. കെ ആര്‍ ദീപ
Posted on: 09-Mar-2012 10:43 AM
ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ നല്‍കിയ അപേക്ഷ പരിഗണനയിലിരിക്കെ ഒരാള്‍ മരിച്ചാല്‍ ആ പോളിസിപ്രകാരമുള്ള തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ വിധിച്ചു.ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ അപ്പീല്‍ അനുവദിച്ച് പഞ്ചാബ് സംസ്ഥാന ഫോറത്തിന്റെ വിധി റദ്ദാക്കിയായിരുന്നു ഈ വിധി. രുദ്രാപുര്‍ സ്വദേശി ഗുര്‍ണാം സിങ്ങാണ് കേസുമായി പോയത്. ഗുര്‍ണാം സിങ്ങിന്റെ ഭാര്യ ഹര്‍വന്‍സ് കൗര്‍ എല്‍ഐസിയുടെ രുദ്രാപുര്‍ ശാഖയില്‍ ഒരു പോളിസിക്ക് അപേക്ഷ നല്‍കിയിരുന്നു. 3543 രൂപയും അടച്ചു. ഒരുലക്ഷം രൂപയുടെ പോളിസി എടുക്കാനായിരുന്നു അപേക്ഷ. 2001 ഒക്ടോബര്‍ 31ന് അപേക്ഷ നല്‍കിയ കൗര്‍ നവംബര്‍ 13ന് മരിച്ചു. കൗറിന്റെ പേരിലുള്ള പോളിസി തുക ആവശ്യപ്പെട്ട് ഡിസംബര്‍ 26ന് സിങ് എല്‍ഐസിക്ക് കത്തു നല്‍കി. എന്നാല്‍ കൗറിന്റെ പേരില്‍ പോളിസി നിലവിലില്ലെന്നും അതുകൊണ്ട് പണം നല്‍കാനാകില്ലെന്നും എല്‍ഐസി അറിയിച്ചു. ഗുര്‍ണാം സിങ്ങിന്റെ പേരില്‍ അവിടെ പോളിസി ഉണ്ടായിരുന്നു. കൗറിന്റെ പേരിലുള്ള പോളിസി ഭര്‍ത്താവിന്റെ പോളിസിയുമായി ബന്ധപ്പെട്ടതാണെന്ന് എല്‍ഐസി വാദിച്ചു. ഒറ്റയ്ക്ക് പോളിസി എടുക്കാനുള്ള വരുമാനം കൗറിനില്ലെന്നായിരുന്നു എല്‍ഐസിയുടെ വാദം. സിങ്ങിന്റെ പോളിസി നല്‍കിയത് നവംബര്‍ 28നാണ്. അതിനുശേഷമേ കൗറിന്റെ പോളിസി പരിഗണിക്കാനാകൂ. എന്നാല്‍ നവംബര്‍ 11നുതന്നെ കൗര്‍ മരിച്ചു. അതുകൊണ്ട് തുക നല്‍കാനാകില്ലെന്ന് എല്‍ഐസി അറിയിച്ചു. ഈ വാദം തള്ളി സംസ്ഥാന കമീഷന്‍ പോളിസി തുക നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് എല്‍ഐസി ദേശീയ കമീഷനെ സമീപിച്ചത്. ഭര്‍ത്താവിന്റെ അപേക്ഷതന്നെ പരിഗണനയിലായതിനാല്‍ കൗറിന്റെ അപേക്ഷ പരിഗണിച്ചിരുന്നില്ലെന്ന് എല്‍ഐസി ദേശീയ ഫോറത്തില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, കൗറിന്റെ അപേക്ഷയ്ക്കൊപ്പം അവരുടെ വയസ്സുതെളിയിക്കാന്‍ ആവശ്യമായ രേഖ ഉണ്ടായിരുന്നുമില്ല. ഈ രേഖ ആവശ്യപ്പെട്ട് എല്‍ഐസി കത്തയച്ചിരുന്നു. അതിന് മറുപടി കിട്ടുംമുമ്പ് കൗര്‍ മരിച്ചു. അതുകൊണ്ടുതന്നെ ആ അപേക്ഷ അസാധുവായി. മറ്റൊരു കാര്യംകൂടി എല്‍ഐസി ചൂണ്ടിക്കാട്ടി. സ്വന്തം പേരിലുള്ള അപേക്ഷയില്‍ കുറവുണ്ടായിരുന്ന പണം നവംബര്‍ 15നാണ് സിങ് അടച്ചത്. ഭാര്യ മരിച്ച് രണ്ടുദിവസം കഴിഞ്ഞ് ഈ പണം അടയ്ക്കുമ്പോള്‍ മരണവിവരം സിങ് എല്‍ഐസിയെ അറിയിച്ചില്ല. ഒരു പോളിസി അംഗീകരിച്ച് കത്തുനല്‍കുന്നതുവരെ ആ പോളിസി നിലവില്‍വന്നതായി പറയാനാകില്ലെന്ന സുപ്രീം കോടതി വിധിയും എല്‍ഐസി വാദവേളയില്‍ ചൂണ്ടിക്കാട്ടി. പ്രീമിയം തുക വാങ്ങിവച്ചു എന്നതുകൊണ്ടു മാത്രം ഒരാളെ പോളിസി ഉടമയായി കാണാനാകില്ല. ഇതിനു മറുപടിയായി സിങ്ങിന്റെ അഭിഭാഷകനും വാദങ്ങള്‍ നിരത്തി. ഭര്‍ത്താവിന്റെ പോളിസി കൂടാതെത്തന്നെ പോളിസി ലഭിക്കാനുള്ള വരുമാനം കൗറിനുണ്ടായിരുന്നു എന്നായിരുന്നു ഒരു വാദം. വയസ്സിന്റെ രേഖ നല്‍കിയിരുന്നു എന്നായിരുന്നു മറ്റൊരു വാദം. എന്നാല്‍ പരിശോധനയില്‍ ഈ വാദങ്ങള്‍ ശരിയല്ലെന്നു തെളിഞ്ഞതായി കമീഷന്‍ പറഞ്ഞു. ഭാര്യയുടെ മരണം ബോധപൂര്‍വം മറച്ചുവച്ച നടപടിയും തെറ്റായി. ഒരാള്‍ അപേക്ഷ നല്‍കി എന്നതുകൊണ്ടു മാത്രം അയാള്‍ ആഗ്രഹിക്കുന്ന വിധം പോളിസി നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ല.
പോളിസി നല്‍കുംവരെ കമ്പനിയും അപേക്ഷ നല്‍കിയ ആളുമായി കരാറും നിലവിലില്ല. ഈ സാഹചര്യത്തില്‍ എല്‍ഐസിയുടെ അപ്പീല്‍ അംഗീകരിക്കുകയാണെന്ന് കമീഷന്‍ വ്യക്തമാക്കി. കൗറിന്റെ പേരില്‍ അടച്ച തുക തിരികെകിട്ടാന്‍ മാത്രമേ സിങ്ങിന് അര്‍ഹതയുള്ളൂ എന്ന് കമീഷന്‍ വിധിച്ചു. ചെയര്‍മാന്‍ ജ. എം ബി ഷാ, രാജലക്ഷ്മി റാവു എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. 2007 ആഗസ്ത് ഇരുപതിനായിരുന്നു വിധി.