- രോഗവിവരം മറച്ചുവച്ചാല്‍ പോളിസിതുക പോകും; പക്ഷേ കുറ്റം തെളിയണം
അഡ്വ. കെ ആര്‍ ദീപ - വീണു പരിക്കേറ്റ് ആശുപത്രിയിലായിരുന്നയാള്‍ മരിച്ചു. ചികിത്സക്കിടെ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് 10 വര്‍ഷമായി പ്രമേഹം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. അത് ആശുപത്രിരേഖകളില്‍ ചേര്‍ക്കുകയും ചെയ്തു. മരിച്ചയാള്‍ എല്‍ഐസി പോളിസി ഉടമയായിരുന്നു. ഭാര്യ പോളിസി തുക ആവശ്യപ്പെട്ട് എല്‍ഐസിയെ സമീപിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്നപ്പോഴത്തെ ആശുപത്രിരേഖകള്‍ ഉദ്ധരിച്ച് എല്‍ഐസി തുക നിഷേധിച്ചു. പ്രമേഹമുള്ള കാര്യം മറച്ചുവച്ചാണ് അപകടത്തിന് രണ്ടുമാസംമുമ്പ് പോളിസി എടുത്തതെന്ന് എല്‍ഐസി കണ്ടെത്തി. ഇങ്ങനെ രോഗവിവരം മറച്ചുവച്ചു നേടിയ പോളിസിക്ക് പണം നല്‍കാനാവില്ലെന്നായിരുന്നു എല്‍ഐസിയുടെ ന്യായം. മറ്റൊരാള്‍ അപകടത്തില്‍ മരിച്ചു. ഇയാള്‍ക്കും എല്‍ഐസി പോളിസിയുണ്ടായിരുന്നു. സഹോദരനായിരുന്നു നോമിനി. ഇവിടെയും എല്‍ഐസി പോളിസി തുക നിഷേധിച്ചു. കാരണം ആദ്യത്തെ കേസിലേതുതന്നെ; രോഗവിവരം മറച്ചുവച്ചു. മരിച്ചത് അപകടത്തിലാണെങ്കിലും മരിച്ചയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നെന്നും പോളിസി എടുക്കുമ്പോള്‍ ഇക്കാര്യം മറച്ചുവച്ചെന്നും എല്‍ഐസി വാദിച്ചു. രണ്ടു തര്‍ക്കവും തീര്‍പ്പാക്കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍വരെയെത്തി. കമീഷന്റെ തീര്‍പ്പ് രണ്ടുതരത്തിലായിരുന്നു. ആദ്യത്തെ കേസില്‍ കാലൊടിഞ്ഞയാള്‍ക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി കാലില്‍ സ്റ്റീല്‍ക്കമ്പി പിടിപ്പിച്ചിരുന്നു. ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. ഇവിടെ തയ്യാറാക്കിയ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രോഗിക്ക് 10 വര്‍ഷമായി പ്രമേഹം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
- ചികിത്സാവേളയില്‍ രോഗിതന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ആശുപത്രിയില്‍ നടത്തിയ ലബോറട്ടറി പരിശോധനകളില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എല്‍ഐസിയുടെ വാദം ഈ തെളിവ് ആധാരമാക്കിയായിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്ന് മരിച്ചയാളുടെ ഭാര്യ വാദിച്ചു. പ്രമേഹം ഉണ്ടായിരുന്നെങ്കില്‍ പോളിസി നല്‍കുംമുമ്പ് എല്‍ഐസി നടത്തിയ ആരോഗ്യപരിശോധനയില്‍ അത് കണ്ടെത്തുമായിരുന്നു എന്ന് അവര്‍ വാദിച്ചു. ഭര്‍ത്താവിന് പ്രമേഹം ഉണ്ടായിരുന്നില്ലെന്നു തെളിയിക്കാന്‍ മറ്റൊരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പരാതിക്കാരി ഹാജരാക്കി. എല്‍ഐസിയുടെ ആരോഗ്യപരിശോധനയില്‍ പ്രമേഹം കണ്ടെത്തിയില്ലെന്ന വാദം കമീഷന്‍ തള്ളി. ഇത്തരം പരിശോധനകള്‍ സാധാരണ നിലയിലുള്ള പൊതുപരിശോധനയാണ്. രക്തപരിശോധനയും മറ്റും ഇതിന്റെ ഭാഗമായി ഇല്ല. രോഗമില്ലെന്നു പറഞ്ഞ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കമീഷന്‍ തള്ളി. ജില്ലാ ഫോറത്തിലും സംസ്ഥാന കമീഷനിലും കേസ് പരിഗണിച്ചപ്പോള്‍ ഈ ഡോക്ടര്‍ റിപ്പോട്ട് എഴുതാന്‍ ആധാരമാക്കിയ ലാബ്രേഖകള്‍ ഹര്‍ജിക്കാരി ഹാജരാക്കിയില്ലെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. എന്നു മാത്രമല്ല, പ്രമേഹം ഉണ്ടായിരുന്നുവെന്ന ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റിപ്പോര്‍ട്ട് തികച്ചും ആധികാരികവുമാണ്. ഇന്‍ഷുറന്‍സ് പോളിസി ഉത്തമവിശ്വാസത്തോടെ ഇന്‍ഷുറന്‍സ് കമ്പനിയും ഇന്‍ഷുര്‍ ചെയ്യപ്പെടുന്നയാളും ചേര്‍ന്നുണ്ടാക്കുന്ന കരാറാണെന്ന് സുപ്രീംകോടതി പല വിധികളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരമൊരു കരാറില്‍ വിവരങ്ങള്‍ മറച്ചുവച്ചതായി കണ്ടെത്തിയാല്‍ കരാര്‍ അസാധുവാക്കാമെന്ന് ഈ വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
- ഈ കേസ് ആ സുപ്രീംകോടതി വിധികളിലെ നിഗമനങ്ങളുടെ പരിധിയില്‍ വരും. അതുകൊണ്ട് പോളിസിതുക നിഷേധിച്ച എല്‍ഐസിയുടെ നടപടി ശരിയാണ്- ദേശീയ കമീഷന്‍ വിധിച്ചു. രണ്ടാമത്തെ കേസില്‍ വ്യത്യസ്ത സമീപനമാണ് കമീഷന്‍ സ്വീകരിച്ചത്. ഇവിടെ മരണം അപകടംമൂലമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. അപകടമരണം പോളിസി തുക ലഭിക്കാന്‍ അര്‍ഹമായ കാര്യമായി പോളിസിവ്യവസ്ഥകളില്‍ ഉള്ളതുമാണ്. എന്നാല്‍ പോളിസി നേടിയത് വിവരങ്ങള്‍ മറച്ചുവച്ചാണോ എന്നാണ് പിന്നെ പരിഗണിക്കപ്പെടേണ്ടത്. മരിച്ചയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നുവെന്ന ആശുപത്രിരേഖയുടെ ആധികാരികത നിര്‍ണായകമാണ്. പോളിസി എടുക്കുന്നതിന് ഒരുവര്‍ഷംമുമ്പ് മരിച്ചയാള്‍ ഹൃദ്രോഗത്തിന് ചികിത്സതേടിയതായി, നംഗാലിലെ ബിബിഎംസി ആശുപത്രിയിലെ ഒരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റാണ് എല്‍ഐസി ഹാജരാക്കിയത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ സീലുപോലുമില്ല. ഡോക്ടറുടെ സത്യവാങ്മൂലവും കമീഷന്‍ മുമ്പാകെ ഫയല്‍ചെയ്യപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ ആ രേഖയുടെ ആധികാരികത സംബന്ധിച്ച എതിര്‍വിസ്താരത്തിന് അവസരവും ലഭിച്ചിട്ടില്ല. അത്തരമൊരു രേഖ തെളിവായി സ്വീകരിക്കാനാവില്ല. രേഖ തെളിയിക്കാന്‍ എല്‍ഐസിക്ക് കഴിഞ്ഞിട്ടുമില്ല- കമീഷന്‍ ചൂണ്ടിക്കാട്ടി.
- ഒരു രേഖ ഹാജരാക്കിയിട്ടു കാര്യമില്ല. അതിന്റെ ഉള്ളടക്കം തെളിയിക്കാനാകണം. ഈ സാഹചര്യത്തില്‍ പോളിസി തുകയ്ക്ക് മരിച്ചയാളുടെ നോമിനിക്ക് അര്‍ഹതയുണ്ടെന്ന് കമീഷന്‍ വിധിച്ചു. ആറു ശതമാനം പലിശയോടെ പോളിസി തുക ആറാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്നും ഉത്തരവില്‍ പറഞ്ഞു. കമീഷന്‍ അധ്യക്ഷന്‍ ജ. അശോക്ബാനും അംഗം വിനീതാ റായിയും ഉള്‍പ്പെട്ട ബെഞ്ച് 2011 മെയ് 31നാണ് രണ്ടു കേസിലും തീര്‍പ്പുകല്‍പ്പിച്ചത്.
Saturday, November 26, 2011
Friday, November 25, 2011
നഷ്ടപരിഹാര തുക ഉപയോഗിച്ച് കേസിലെ വാദിയായ ഡോ. കുനാല്‍ സാഹ സ്ഥാപിച്ച പീപ്പിള്‍ ഫോര്‍ ബെറ്റര്‍ ട്രീറ്റ്മെന്റ് (PBT) എന്ന സംഘടന സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെട്ടുതുടങ്ങി. ബംഗാളില്‍ ബി സി റോയി ആശുപത്രിയിലുണ്ടായ ശിശുമരണത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്ന സംഘടനകളിലൊന്ന് പിബിടിയായിരുന്നു. ചികിത്സാരീതിയിലെ പിഴവും ചികിത്സിച്ച ഡോക്ടര്‍മാരുടെ അനാസ്ഥയുംമൂലമാണ് മരണമുണ്ടായതെന്നു കാട്ടി ഡോ. കുനാല്‍ കേസ് കൊടുക്കുകയായിരുന്നു. ആദ്യം കേസ് പരിഗണിച്ച ദേശീയ ഉപഭോക്തൃ കമീഷന്‍ (ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ഉയര്‍ന്നതായതിനാല്‍ കേസ് ആദ്യംതന്നെ ദേശീയ കമീഷനില്‍തന്നെയാണ് എത്തിയത്.) കേസ് തള്ളി. ഡോക്ടര്‍മാര്‍ കുറ്റക്കാരല്ലെന്നു&ാറമവെ; വിധിച്ചു. എന്നാല്‍ കുനാല്‍ സാഹ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി വിധി തിരുത്തി. നഷ്ടപരിഹാര തുക നിശ്ചയിക്കാനായി കേസ് ദേശീയ കമീഷനിലേക്ക് തിരിച്ചയച്ചു. ദേശീയ കമീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. ആദ്യം ചികിത്സിച്ച ഡോ. മുഖര്‍ജി അനുരാധയ്ക്ക് ത്വക്ക്രോഗമാണെന്നു മനസ്സിലാക്കി. എന്നാല്‍ ത്വക്ക്രോഗ വിദഗ്ധനെ കാണാന്‍ നിര്‍ദേശിച്ചില്ല. പകരം അമിതമായ അളവില്‍ ഡെപ്പോമെട്രോള്‍ നല്‍കി. മരുന്നുണ്ടാക്കുന്ന കമ്പനി പറഞ്ഞ അളവുപോലും മറികടന്നു. ഇത് ആ ഡോക്ടറുടെ വീഴ്ചയാണ്. ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ പരിഗണിച്ചതേയില്ല. ടിഇഎന്‍ (TEN) ഉള്ളയാള്‍ക്ക് ഇത്രയും അളവില്‍ സ്റ്റെറോയ്ഡ് കൊടുക്കാനേ പാടില്ല. ഇക്കാര്യങ്ങള്‍ ഡോ. മുഖര്‍ജി കണക്കിലെടുത്തില്ല. ഐവി ഫ്ളൂയിഡ് കൊടുക്കുക, രക്തപരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങളിലെല്ലാം വീഴ്ചവന്നു. ടിഇഎന്‍ ആണ് അസുഖമെന്നു മനസ്സിലാക്കിയ മറ്റൊരു ഡോക്ടറായ അബനി റോയ് ചൗധരിയും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. മൂന്നാമത്തെ ഡോക്ടറായ ഡോ. ബല്‍റാം പ്രസാദിനും വീഴ്ചവന്നു.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച കമീഷന്‍ നഷ്ടപരിഹാര തുക നിര്‍ണയിക്കാന്‍ അനുരാധയുടെ ജോലിയും വരുമാനവും കണക്കിലെടുത്തു. ജോലിചെയ്തിരുന്നത് അമേരിക്കയിലായതിനാലും അവിടെ ലഭിച്ചിരുന്ന വേതനം ഉയര്‍ന്നതായതിനാലും ഉയര്‍ന്ന തുകതന്നെ നഷ്ടപരിഹാരമായി നിശ്ചയിച്ചു. ആദ്യം പരിശോധിച്ച ഡോ. സുകുമാര്‍ മുഖര്‍ജി 40,40,000 രൂപയും എഎംആര്‍ഐയിലെ ഡോക്ടര്‍മാരായ ബില്‍ ഹല്‍ദാറും ബല്‍റാം പ്രസാദും 26,93,000 രൂപവീതവും നല്‍കണം. എഎംആര്‍ഐ ആശുപത്രി 40,40,000 രൂപയും നല്‍കണം.
ചികിത്സയുടെ ചില ഘട്ടങ്ങളില്‍ അനുരാധയുടെ ഭര്‍ത്താവും കേസിലെ വാദിയുമായ ഡോ. കുനാല്‍ നടത്തിയ ഇടപെടലുകള്‍മൂലം നഷ്ടപരിഹാര തുകയില്‍ 10 ശതമാനം കുറവുചെയ്യുന്നതായും കമീഷന്‍ വ്യക്തമാക്കി. ഈ കുറവിനെതിരെയും കമീഷന്റെ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാനും ഡോ. കുനാല്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ കമീഷന്‍ അധ്യക്ഷന്‍ ആര്‍ സി ജയിനും അംഗം എസ് കെ നായിക്കും അടങ്ങിയ ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്.
Sunday, November 20, 2011
- കമ്പനി പൂട്ടിയാല്‍ ആദ്യം പിഎഫ് കുടിശ്ശിക തീര്‍ക്കണം
അഡ്വ. കെ ആര്‍ ദീപ -
കടംകയറി അടച്ചുപൂട്ടിയ കമ്പനിയുടെ ആസ്തികള്‍ വിറ്റുകിട്ടുന്ന പണം വീതിച്ചുനല്‍കുമ്പോള്‍ ഏതു കടം വീട്ടാനാകണം മുന്‍ഗണന? പല വിധികളിലായി സുപ്രീം കോടതി തീര്‍പ്പാക്കിയ ഈ തര്‍ക്കം കഴിഞ്ഞയാഴ്ച വീണ്ടും കോടതിയിലെത്തി. ആദ്യം തൊഴിലാളികള്‍ക്കു കൊടുക്കാനുള്ളത് കൊടുക്കണോ അതോ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടി (EPF)ല്‍ അടയ്ക്കാനുള്ള കുടിശ്ശിക തീര്‍ക്കണോ? ആദ്യം പിഎഫ് കുടിശ്ശികതന്നെയാണ് തീര്‍ക്കേണ്ടതെന്ന് സുപ്രീം കോടതി വിധിച്ചു. അതുകഴിഞ്ഞാല്‍ സര്‍ക്കാരിനും ധനസ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള തുകയും തൊഴിലാളികള്‍ക്കുള്ള തുകയും തുല്യമുന്‍ഗണന നല്‍കി വിതരണം ചെയ്യണം- സുപ്രീം കോടതി വ്യക്തമാക്കി. എസ് കെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ അടച്ചുപൂട്ടലാണ് കോടതിയിലെത്തിയത്. കമ്പനി 14,96,751 രൂപ പിഎഫ് കുടിശ്ശിക അടയ്ക്കാനുണ്ടായിരുന്നു.
കമ്പനി പൂട്ടാന്‍ തീരുമാനിച്ച് ലിക്വിഡേറ്ററെ നിയമിച്ചപ്പോള്‍ പിഎഫ് കമീഷണര്‍ കുടിശ്ശിക ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ല. കമ്പനി ജഡ്ജിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയും തള്ളി. ആദ്യം കിട്ടേണ്ടത് പിഎഫ് കുടിശ്ശികയാണെന്നായിരുന്നു വാദം. ഡിവിഷന്‍ ബെഞ്ച് വിധിച്ചു. പിഎഫ് വകുപ്പിന് എതിരായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. ജ. ജി എസ് സിംഘ്വിയും ജ. എച്ച് എല്‍ ദത്തുവും അടങ്ങിയ ബെഞ്ചാണ് കേസ് തീര്‍പ്പാക്കിയത്. പിഎഫ് കുടിശ്ശികയ്ക്കാണ് മുന്‍ഗണനയെന്നും അതല്ല, തൊഴിലാളികളുടെ കുടിശ്ശികയ്ക്കാണ് മുന്‍ഗണനയെന്നുമുള്ള വാദമാണ് സുപ്രീം കോടതി പരിഗണിച്ചത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്സ് ആന്‍ഡ് മിസ്ലേനിയസ് ആക്ടി (ഇപിഎഫ് ആക്ട്)ലെ 11-ാം വകുപ്പും കമ്പനിനിയമത്തിലെ 529 എ വകുപ്പും തമ്മിലുള്ള വൈരുദ്ധ്യമാണ് പ്രശ്നമായത്. അടച്ചുപൂട്ടലുണ്ടായി കടങ്ങള്‍ വീട്ടുമ്പോള്‍ ആദ്യ പരിഗണന പിഎഫ് കുടിശ്ശിക തീര്‍ക്കുന്നതിനാകണം എന്നാണ് ഇപിഎഫ് ആക്ടിലെ 11-ാം വകുപ്പില്‍ പറയുന്നത്. എന്നാല്‍ തൊഴിലാളികള്‍ക്കുള്ള കുടിശ്ശികയ്ക്കും ധനസ്ഥാപനങ്ങളുടെ കടങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നാണ് കമ്പനിനിയമത്തിലെ 529 എ വകുപ്പ് പറയുന്നത്. ഇത്തരം സാഹചര്യത്തില്‍ കോടതി എങ്ങനെ നിയമം വ്യാഖ്യാനിക്കണം എന്നത് ഒട്ടേറെ മുന്‍കാല വിധികളുടെ വെളിച്ചത്തില്‍ പരിശോധിച്ചാണ് സുപ്രീം കോടതി ഈ കേസ് തീര്‍പ്പാക്കിയത്. ഇവിടെ രണ്ടു നിയമവും പ്രത്യേകതകള്‍ ഉള്ളവയാണ്. അതുകൊണ്ടുതന്നെ രണ്ടു നിയമവും കൊണ്ടുവന്നതിനു പിന്നിലെ ലക്ഷ്യവും നയവും പരിശോധിച്ചു മാത്രമേ ഈ വൈരുധ്യം പരിഹരിക്കാന്‍ കഴിയുകയുള്ളു- കോടതി ചൂണ്ടിക്കാട്ടി. കമ്പനിനിയമത്തിലെ 529 എ വകുപ്പ് ദേഭഗതിയിലൂടെ വന്നതാണ്. കമ്പനി അടച്ചുപൂട്ടി കടങ്ങള്‍ തീര്‍ക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയ്ക്ക് മുന്‍ഗണന നല്‍കണമെന്ന വ്യവസ്ഥ കമ്പനിനിയമത്തില്‍ ഭേദഗതിക്കു മുമ്പുതന്നെയുണ്ട്. തൊഴിലാളികള്‍ക്കുള്ള ബാധ്യതയ്ക്ക് ധനസ്ഥാപനങ്ങള്‍ക്കുള്ള ബാധ്യതയ്ക്കൊപ്പംതന്നെ മുന്‍ഗണന നല്‍കണം എന്ന വ്യവസ്ഥ കൊണ്ടുവരാനാണ് ആ ഭേദഗതി അവതരിപ്പിച്ചത്.
1995ല്‍ വന്ന ഈ ഭേദഗതി ഇപിഎഫ് നിയമത്തിലെ 11-ാം വകുപ്പിലെ വ്യവസ്ഥകളില്‍ ഒരുതരത്തിലും വെള്ളംചേര്‍ക്കുന്നതായി കരുതാനാകില്ല- വിധിയില്‍ പറഞ്ഞു. ഈ വകുപ്പ് കൊണ്ടുവരുമ്പോള്‍തന്നെ പിഎഫ് നിയമത്തിലെ 11-ാം വകുപ്പ് നിലവിലുണ്ട്. ആ വകുപ്പില്‍ "മറ്റെല്ലാ കുടിശ്ശിക"കള്‍ക്കും മുകളില്‍ പിഎഫ് കുടിശ്ശികയ്ക്ക് പരിഗണന നല്‍കണം എന്നാണ് പറയുന്നത്. കമ്പനിനിയമത്തില്‍ മാറ്റംവരുത്തി ധനസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശികയ്ക്കു തുല്യമായി തൊഴിലാളികള്‍ക്കുള്ള കുടിശ്ശിക നിശ്ചയിച്ചപ്പോള്‍ ആ കുടിശ്ശികയ്ക്ക് പിഎഫ് കുടിശ്ശികയേക്കാള്‍ മുന്‍ഗണന നല്‍കണം എന്ന് പാര്‍ലമെന്റ് ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തം. പാര്‍ലമെന്റ് കമ്പനിനിയമം ഭേദഗതിയിലൂടെ തൊഴിലാളികള്‍ക്കുള്ള കുടിശ്ശികയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയാണു ചെയ്തത്. ധനസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശികയ്ക്കു തുല്യമായി ആ തുകകൂടി സ്ഥാപിച്ചെടുക്കുകയാണ് ചെയ്തത്. അല്ലാതെ പിഎഫ് കുടിശ്ശികയ്ക്കും മുകളില്‍ മുന്‍ഗണന നല്‍കേണ്ട ഇനമായി തൊഴിലാളികള്‍ക്കുള്ള കുടിശ്ശികയെ സ്ഥാപിക്കുകയല്ല ചെയ്തത്. ഇപിഎഫ് നിയമപ്രകാരം പിഎഫിലേക്ക് തൊഴിലുടമ അടയ്ക്കേണ്ട വിഹിതംതന്നെയാണ് ആദ്യം അടയ്ക്കേണ്ടത്. അതുകഴിഞ്ഞാല്‍ തൊഴിലാളികള്‍ക്കുള്ള വിഹിതം മറ്റ് ധനസ്ഥാപനങ്ങള്‍ക്കുള്ള വിഹിതത്തിനൊപ്പംതന്നെ മുന്‍ഗണന നല്‍കി വിതരണം ചെയ്യുകയും വേണം. ഇതാണ് നിയമം ഉദ്ദേശിക്കുന്നത്- സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി തെറ്റാണ്. കമ്പനി ജഡ്ജിയുടെ ഉത്തരവും തെറ്റാണ്. മൂന്നുമാസത്തിനകം പിഎഫ് കുടിശ്ശിക കമ്പനി അടച്ചുതീര്‍ക്കണം- വിധിയില്‍ പറഞ്ഞു. 2011 നവംബര്‍ എട്ടിനായിരുന്നു വിധി.