Sunday, November 20, 2011

  • കമ്പനി പൂട്ടിയാല്‍ ആദ്യം പിഎഫ് കുടിശ്ശിക തീര്‍ക്കണം
    അഡ്വ. കെ ആര്‍ ദീപ
  • കടംകയറി അടച്ചുപൂട്ടിയ കമ്പനിയുടെ ആസ്തികള്‍ വിറ്റുകിട്ടുന്ന പണം വീതിച്ചുനല്‍കുമ്പോള്‍ ഏതു കടം വീട്ടാനാകണം മുന്‍ഗണന? പല വിധികളിലായി സുപ്രീം കോടതി തീര്‍പ്പാക്കിയ ഈ തര്‍ക്കം കഴിഞ്ഞയാഴ്ച വീണ്ടും കോടതിയിലെത്തി. ആദ്യം തൊഴിലാളികള്‍ക്കു കൊടുക്കാനുള്ളത് കൊടുക്കണോ അതോ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടി (EPF)ല്‍ അടയ്ക്കാനുള്ള കുടിശ്ശിക തീര്‍ക്കണോ? ആദ്യം പിഎഫ് കുടിശ്ശികതന്നെയാണ് തീര്‍ക്കേണ്ടതെന്ന് സുപ്രീം കോടതി വിധിച്ചു. അതുകഴിഞ്ഞാല്‍ സര്‍ക്കാരിനും ധനസ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള തുകയും തൊഴിലാളികള്‍ക്കുള്ള തുകയും തുല്യമുന്‍ഗണന നല്‍കി വിതരണം ചെയ്യണം- സുപ്രീം കോടതി വ്യക്തമാക്കി. എസ് കെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ അടച്ചുപൂട്ടലാണ് കോടതിയിലെത്തിയത്. കമ്പനി 14,96,751 രൂപ പിഎഫ് കുടിശ്ശിക അടയ്ക്കാനുണ്ടായിരുന്നു.

    കമ്പനി പൂട്ടാന്‍ തീരുമാനിച്ച് ലിക്വിഡേറ്ററെ നിയമിച്ചപ്പോള്‍ പിഎഫ് കമീഷണര്‍ കുടിശ്ശിക ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ല. കമ്പനി ജഡ്ജിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയും തള്ളി. ആദ്യം കിട്ടേണ്ടത് പിഎഫ് കുടിശ്ശികയാണെന്നായിരുന്നു വാദം. ഡിവിഷന്‍ ബെഞ്ച് വിധിച്ചു. പിഎഫ് വകുപ്പിന് എതിരായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. ജ. ജി എസ് സിംഘ്വിയും ജ. എച്ച് എല്‍ ദത്തുവും അടങ്ങിയ ബെഞ്ചാണ് കേസ് തീര്‍പ്പാക്കിയത്. പിഎഫ് കുടിശ്ശികയ്ക്കാണ് മുന്‍ഗണനയെന്നും അതല്ല, തൊഴിലാളികളുടെ കുടിശ്ശികയ്ക്കാണ് മുന്‍ഗണനയെന്നുമുള്ള വാദമാണ് സുപ്രീം കോടതി പരിഗണിച്ചത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്സ് ആന്‍ഡ് മിസ്ലേനിയസ് ആക്ടി (ഇപിഎഫ് ആക്ട്)ലെ 11-ാം വകുപ്പും കമ്പനിനിയമത്തിലെ 529 എ വകുപ്പും തമ്മിലുള്ള വൈരുദ്ധ്യമാണ് പ്രശ്നമായത്. അടച്ചുപൂട്ടലുണ്ടായി കടങ്ങള്‍ വീട്ടുമ്പോള്‍ ആദ്യ പരിഗണന പിഎഫ് കുടിശ്ശിക തീര്‍ക്കുന്നതിനാകണം എന്നാണ് ഇപിഎഫ് ആക്ടിലെ 11-ാം വകുപ്പില്‍ പറയുന്നത്. എന്നാല്‍ തൊഴിലാളികള്‍ക്കുള്ള കുടിശ്ശികയ്ക്കും ധനസ്ഥാപനങ്ങളുടെ കടങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നാണ് കമ്പനിനിയമത്തിലെ 529 എ വകുപ്പ് പറയുന്നത്. ഇത്തരം സാഹചര്യത്തില്‍ കോടതി എങ്ങനെ നിയമം വ്യാഖ്യാനിക്കണം എന്നത് ഒട്ടേറെ മുന്‍കാല വിധികളുടെ വെളിച്ചത്തില്‍ പരിശോധിച്ചാണ് സുപ്രീം കോടതി ഈ കേസ് തീര്‍പ്പാക്കിയത്. ഇവിടെ രണ്ടു നിയമവും പ്രത്യേകതകള്‍ ഉള്ളവയാണ്. അതുകൊണ്ടുതന്നെ രണ്ടു നിയമവും കൊണ്ടുവന്നതിനു പിന്നിലെ ലക്ഷ്യവും നയവും പരിശോധിച്ചു മാത്രമേ ഈ വൈരുധ്യം പരിഹരിക്കാന്‍ കഴിയുകയുള്ളു- കോടതി ചൂണ്ടിക്കാട്ടി. കമ്പനിനിയമത്തിലെ 529 എ വകുപ്പ് ദേഭഗതിയിലൂടെ വന്നതാണ്. കമ്പനി അടച്ചുപൂട്ടി കടങ്ങള്‍ തീര്‍ക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയ്ക്ക് മുന്‍ഗണന നല്‍കണമെന്ന വ്യവസ്ഥ കമ്പനിനിയമത്തില്‍ ഭേദഗതിക്കു മുമ്പുതന്നെയുണ്ട്. തൊഴിലാളികള്‍ക്കുള്ള ബാധ്യതയ്ക്ക് ധനസ്ഥാപനങ്ങള്‍ക്കുള്ള ബാധ്യതയ്ക്കൊപ്പംതന്നെ മുന്‍ഗണന നല്‍കണം എന്ന വ്യവസ്ഥ കൊണ്ടുവരാനാണ് ആ ഭേദഗതി അവതരിപ്പിച്ചത്.

    1995ല്‍ വന്ന ഈ ഭേദഗതി ഇപിഎഫ് നിയമത്തിലെ 11-ാം വകുപ്പിലെ വ്യവസ്ഥകളില്‍ ഒരുതരത്തിലും വെള്ളംചേര്‍ക്കുന്നതായി കരുതാനാകില്ല- വിധിയില്‍ പറഞ്ഞു. ഈ വകുപ്പ് കൊണ്ടുവരുമ്പോള്‍തന്നെ പിഎഫ് നിയമത്തിലെ 11-ാം വകുപ്പ് നിലവിലുണ്ട്. ആ വകുപ്പില്‍ "മറ്റെല്ലാ കുടിശ്ശിക"കള്‍ക്കും മുകളില്‍ പിഎഫ് കുടിശ്ശികയ്ക്ക് പരിഗണന നല്‍കണം എന്നാണ് പറയുന്നത്. കമ്പനിനിയമത്തില്‍ മാറ്റംവരുത്തി ധനസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശികയ്ക്കു തുല്യമായി തൊഴിലാളികള്‍ക്കുള്ള കുടിശ്ശിക നിശ്ചയിച്ചപ്പോള്‍ ആ കുടിശ്ശികയ്ക്ക് പിഎഫ് കുടിശ്ശികയേക്കാള്‍ മുന്‍ഗണന നല്‍കണം എന്ന് പാര്‍ലമെന്റ് ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തം. പാര്‍ലമെന്റ് കമ്പനിനിയമം ഭേദഗതിയിലൂടെ തൊഴിലാളികള്‍ക്കുള്ള കുടിശ്ശികയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയാണു ചെയ്തത്. ധനസ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശികയ്ക്കു തുല്യമായി ആ തുകകൂടി സ്ഥാപിച്ചെടുക്കുകയാണ് ചെയ്തത്. അല്ലാതെ പിഎഫ് കുടിശ്ശികയ്ക്കും മുകളില്‍ മുന്‍ഗണന നല്‍കേണ്ട ഇനമായി തൊഴിലാളികള്‍ക്കുള്ള കുടിശ്ശികയെ സ്ഥാപിക്കുകയല്ല ചെയ്തത്. ഇപിഎഫ് നിയമപ്രകാരം പിഎഫിലേക്ക് തൊഴിലുടമ അടയ്ക്കേണ്ട വിഹിതംതന്നെയാണ് ആദ്യം അടയ്ക്കേണ്ടത്. അതുകഴിഞ്ഞാല്‍ തൊഴിലാളികള്‍ക്കുള്ള വിഹിതം മറ്റ് ധനസ്ഥാപനങ്ങള്‍ക്കുള്ള വിഹിതത്തിനൊപ്പംതന്നെ മുന്‍ഗണന നല്‍കി വിതരണം ചെയ്യുകയും വേണം. ഇതാണ് നിയമം ഉദ്ദേശിക്കുന്നത്- സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി തെറ്റാണ്. കമ്പനി ജഡ്ജിയുടെ ഉത്തരവും തെറ്റാണ്. മൂന്നുമാസത്തിനകം പിഎഫ് കുടിശ്ശിക കമ്പനി അടച്ചുതീര്‍ക്കണം- വിധിയില്‍ പറഞ്ഞു. 2011 നവംബര്‍ എട്ടിനായിരുന്നു വിധി.

No comments:

Post a Comment