Wednesday, December 21, 2011

വെറുതെ കൈയാമം; സര്‍ക്കാര്‍ 
നഷ്ടപരിഹാരം നല്‍കണം
അഡ്വ. കെ ആര്‍ ദീപ
Posted on: 22-Dec-2011 12:25 PM
മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യം വാഗ്ദാനംചെയ്ത് പണംതട്ടുന്നുവെന്ന പരാതിയില്‍ അറസ്റ്റ്ചെയ്യപ്പെട്ടയാളെ അന്യായമായി കൈയാമംവച്ചെന്ന് പരാതി. പരാതി ന്യായമെന്നു കണ്ട സുപ്രീംകോടതി പ്രതിക്ക് നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നല്‍കാന്‍ വിധിച്ചു.

മധ്യപ്രദേശില്‍നിന്നുള്ള ഹര്‍ദീപ് സിങ്ങാണ് നീതിതേടി സുപ്രീം കോടതിയിലെത്തിയത്. ചില കുട്ടികള്‍ക്ക് ചോദ്യം നല്‍കാമെന്ന് സിങ് വാഗ്ദാനംചെയ്തതായി കലക്ടര്‍ക്ക് പരാതി കിട്ടി. കലക്ടര്‍ ഒരാള്‍വഴി പണം കൊടുത്തയച്ച് സിങ്ങിനെ കുടുക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സിങ്ങിന്റെ വീട് പൊലീസ് റെയ്ഡ്ചെയ്തു. അറസ്റ്റ്ചെയ്ത സിങ്ങിനെ വീട്ടില്‍നിന്ന് കൈയാമംവച്ച് കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ ലോക്കപ്പില്‍ സൂക്ഷിച്ചു. കൈയാമംവച്ച സിങ്ങിന്റെ ചിത്രം പല പത്രത്തിലും അച്ചടിച്ചുവന്നു. കേസ് 10 വര്‍ഷം നീണ്ടു. ഒടുവില്‍ കോടതി സിങ്ങിനെ വിട്ടയച്ചു. കേസ് നീണ്ടതുമൂലവും കൈയാമംവച്ച് മാനഹാനി ഉണ്ടാക്കിയതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിങ് കേസുകള്‍ പലതും കൊടുത്തു. കലക്ടര്‍ക്കെതിരെയും കേസ് കൊടുത്തു. പല കേസിലും സിങ്ങിനെതിരായിരുന്നു വിധി. കേസിലെ കാലതാമസത്തിന് സിങ്ങാണ് ഉത്തരവാദിയെന്നും അതുകൊണ്ട് അക്കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ അഞ്ചുകൊല്ലത്തെ കാലതാമസം സര്‍ക്കാരിന്റെ വീഴ്ചകൊണ്ടാണെന്നു കണ്ടെത്തി. സാക്ഷികളെ ഹാജരാക്കുന്നതില്‍ കാലതാമസം ഉണ്ടായി. കേസ് വേഗത്തില്‍ തീര്‍ന്ന് കുറ്റവിമുക്തനായിരുന്നെങ്കില്‍ സിങ്ങിന് സ്വന്തം അന്തസ്സ് സംരക്ഷിക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ കേസില്‍ പ്രതിയായതോടെ സിങ്ങിന് കാര്യമായ അസ്വാതന്ത്ര്യം ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടു. സിങ് ജയിലിലായിരുന്നില്ല. ജാമ്യം കിട്ടി പുറത്തായിരുന്നു. ഇതെല്ലാം പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് സിങ്ങിന് 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. എന്നാല്‍ സിങ് ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കലക്ടര്‍ക്കെതിരായ ഹര്‍ജിയിലെ അപ്പീലും സിങ് നല്‍കിയിരുന്നു. ആ കേസുകളൊക്കെ തള്ളിയ കോടതി നഷ്ടപരിഹാരപ്രശ്നം പ്രത്യേകം പരിഗണിക്കുകയായിരുന്നു. കേസിന്റെ കാലതാമസം സംബന്ധിച്ച ഡിവിഷന്‍ ബെഞ്ച് നിരീക്ഷണങ്ങള്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കൈയാമംവയ്ക്കാന്‍ കോടതിവാറന്റ്് ഉണ്ടായിരുന്നില്ല. കൈയാമംവച്ച സിങ്ങിന്റെ ചിത്രം പത്രങ്ങളില്‍വന്ന് എട്ടുദിവസത്തിനുള്ളില്‍ സിങ്ങിന്റെ സഹോദരി മരിച്ചു. മകനെപ്പോലെ കരുതിയിരുന്ന തന്നെ ഒരു കുറ്റവാളിയായി കാണേണ്ടിവന്നതിന്റെ ആഘാതത്തിലാണ് സഹോദരി മരിച്ചതെന്ന് സിങ് പറയുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ സിങ്ങിനുണ്ടായ വ്യഥയ്ക്കും അപമാനത്തിനും പര്യാപ്തമായൊരു നഷ്ടപരിഹാരമല്ല ഹൈക്കോടതി നിശ്ചയിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം രണ്ടുലക്ഷം രൂപയായി ഉയര്‍ത്തുകയാണെന്ന് കോടതിവിധിയില്‍ പറഞ്ഞു. ഈ തുക മധ്യപ്രദേശ് സര്‍ക്കാര്‍ സിങ്ങിനു നല്‍കണം- ജ. അഫ്ത്താബ് അലം, ജ. രഞ്ജന പ്രസാദ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ച് 2011 ഡിസംബര്‍ അഞ്ചിന്റെ വിധിന്യായത്തില്‍ പറഞ്ഞു.

Monday, December 19, 2011

  • ക്രിമിനല്‍ക്കേസിലെ ലോക് അദാലത്ത് തീര്‍പ്പും അന്തിമം
    അഡ്വ. കെ ആര്‍ ദീപ
  • ക്രിമിനല്‍ക്കേസുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ലോക് അദാലത്തില്‍ കൈക്കൊള്ളുന്ന ഏതു തീരുമാനവും സിവില്‍ കോടതി തീര്‍പ്പിനു തുല്യമാണെന്നും അതു നടപ്പാക്കാന്‍ ഉത്തരവിടാന്‍ സിവില്‍ കോടതിക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. ഇടയ്ക്കിടെ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുന്ന നിയമവ്യവസ്ഥകള്‍ക്ക് കൃത്യത നല്‍കിയാണ് ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് ജെ ചെലമേശ്വറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധി. കേരളത്തില്‍നിന്നുള്ള കേസിലാണ് തീര്‍പ്പുണ്ടായത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള ക്രിമിനല്‍ക്കേസിലാണ് തുടക്കം.

    ചെക്ക് മടങ്ങിയതാണ് വിഷയം. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് വന്നത്. മജിസ്ട്രേട്ട് ആ കേസ് ജില്ലാതല ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു കൈമാറി. ലോക് അദാലത്തിലൂടെ തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചായിരുന്നു ഇത്. ലോക് അദാലത്തില്‍ കേസ് ഒത്തുതീര്‍പ്പായി. പണം തവണകളായി കൊടുത്തുതീര്‍ക്കാമെന്നായിരുന്നു തീര്‍പ്പ്. വ്യവസ്ഥ പാലിക്കപ്പെട്ടില്ല. പരാതിക്കാരന് പണം കിട്ടിയില്ല. ലോക് അദാലത്ത് ഉത്തരവ് നടപ്പാക്കമിക്കിട്ടണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചു. എന്നാല്‍ മജിസ്ട്രേട്ട് കോടതി ലോക് അദാലത്തിനു കൈമാറിയ ക്രിമിനല്‍ക്കേസിലെ തീര്‍പ്പ് സിവില്‍ കോടതി ഉത്തരവിലൂടെ നടപ്പാക്കാനാവില്ലെന്ന നിലപാടാണ് മുന്‍സിഫ് കോടതി എടുത്തത്. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. അവിടെയും നിലപാട് മാറിയില്ല. കേസ് തള്ളിപ്പോയി.

    ഈ വിധിക്കെതിരായ സ്പെഷ്യല്‍ ലീവ് പെറ്റീഷനുമായി പരാതിക്കാരന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ലോക് അദാലത്ത് എന്ന സംവിധാനത്തിന്റെ ലക്ഷ്യവും ആവശ്യകതയും വിധിയില്‍ വിശദമായി പരിശോധിച്ചു. പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുക എന്നതുതന്നെയാണ് ലോക് അദാലത്തിന്റെ മുഖ്യലക്ഷ്യം. അതിന് നിയമ പിന്‍ബലം നല്‍കിയിരിക്കുന്നത് നീതിനടത്തിപ്പ് വീട്ടുപടിക്കല്‍ എത്തിക്കുക, വേഗത്തിലും കുറഞ്ഞ ചെലവിലും നീതി ലഭ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയുമാണ്. കോടതികളുടെ ജോലിഭാരവും ഇതിലൂടെ കുറയ്ക്കാം. ഏതു തരം കോടതി (സിവില്‍ , ക്രിമിനല്‍ , റവന്യു)യിലെയും ട്രിബ്യൂണലിലെയും കേസുകള്‍ ഇത്തരത്തില്‍ ലോക് അദാലത്തുവഴി തീര്‍പ്പാക്കാമെന്ന് 1987ലെ ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ടില്‍ പറയുന്നു.

    ലോക് അദാലത്തിന്റെ ഉത്തരവിന്റെ സ്വഭാവം വ്യക്തമാക്കുന്നത് ആക്ടിന്റെ 21-ാം വകുപ്പിലാണ്. ലോക് അദാലത്തിന്റെ ഏതുതീരുമാനവും ഒരു സിവില്‍ കോടതിയുടെയോ മറ്റേതു കോടതിയുടെയോ ഉത്തരവി (decree)നു തുല്യമാകും. ലോക് അദാലത്തിന്റെ ഏതു തീര്‍പ്പും അന്തിമവും തര്‍ക്കത്തിലുള്‍പ്പെട്ടവര്‍ക്കെല്ലാം ബാധകവുമാകും. ഈ തീര്‍പ്പിനെതിരെ ഒരു കോടതിയിലും അപ്പീലുമായി പോകാനാവില്ലെന്നും ആക്ടില്‍ വ്യവസ്ഥചെയ്യുന്നു. ഒരു ക്രിമിനല്‍ക്കേസില്‍ ലോക് അദാലത്തിലുണ്ടായ തീര്‍പ്പ് ഒരു സിവില്‍ കോടതി ഉത്തരവായി കരുതി നടപ്പാക്കാമോ എന്നതാണ് ഇപ്പോഴത്തെ കേസിലെ ചോദ്യം- സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നടപ്പാക്കാം എന്ന വാദമാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഹൈക്കോടതി ഈ വാദം തള്ളി. ഒരു ക്രിമിനല്‍ കോടതി റഫര്‍ചെയ്ത കേസിലാണ് ലോക് അദാലത്തില്‍ തീരുമാനമുണ്ടായതെന്നും അതുകൊണ്ട് ആ ഉത്തരവ് ഒരു സിവില്‍ കോടതി ഉത്തരവായി കരുതി നടപ്പാക്കണമെന്നു പറയാനാവില്ലെന്നുമുള്ള നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ആ ഉത്തരവിനെ ഒരു ക്രിമിനല്‍ക്കോടതി ഉത്തരവായേ കണക്കാക്കാനാകൂ എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

    മുന്‍കാല വിധികള്‍ പലതും സുപ്രീം കോടതി പരിശോധിച്ചു. ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ടിലെ വ്യവസ്ഥകളും വിശദമായി വിലയിരുത്തി. ഹൈക്കോടതിയുടെ തീരുമാനം തീര്‍ത്തും തെറ്റെന്ന നിഗമനത്തിലാണ് സുപ്രീം കോടതി എത്തിയത്. ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ട് പരിശോധിച്ചാല്‍ നിയമത്തിന് നിയമനിര്‍മാണസഭ ഉദ്ദേശിച്ച ലക്ഷ്യവും ഹൈക്കോടതി കരുതുന്നതല്ലെന്നു വ്യക്തമാകും. നിയമത്തിന്റെ 21-ാം വകുപ്പില്‍ അവ്യക്തതയൊന്നുമില്ല. സിവില്‍ കോടതി അയക്കുന്ന കേസില്‍ തീര്‍പ്പുകല്‍പ്പിച്ചാലേ ലോക് അദാലത്ത് ഉത്തരവ് വിധിയാകൂ എന്ന് ആ വകുപ്പില്‍ ഒരിടത്തും പറയുന്നില്ല. അത്തരത്തില്‍ സിവില്‍ കോടതി കേസ്, ക്രിമിനല്‍ക്കോടതി കേസ് എന്നൊരു വേര്‍തിരിവ് നിയമം ഉദ്ദേശിച്ചിട്ടില്ല. ഒരു ക്രിമിനല്‍ക്കോടതി കൈമാറുന്ന കേസിലും ലോക് അദാലത്തിന്റെ തീര്‍പ്പ് അന്തിമംതന്നെയാണ്- സുപ്രീം കോടതി വ്യക്തമാക്കി.

    കേസിലെ തീര്‍പ്പുകള്‍ ആകെ നാലെണ്ണമായി എണ്ണിപ്പറഞ്ഞാണ് സുപ്രീം കോടതി വിധി അവസാനിപ്പിക്കുന്നത്.
    1. ലോക് അദാലത്തിന്റെ ഏത് ഉത്തരവും ഒരു സിവില്‍ കോടതി ഉത്തരവായി കരുതാം. അതുകൊണ്ടുതന്നെ സിവില്‍ കോടതിവഴി നടപ്പാക്കുകയും ആകാം.
    2. സിവില്‍ കോടതി കൈമാറുന്ന കേസും ക്രിമിനല്‍ക്കോടതി കൈമാറുന്ന കേസും തമ്മില്‍ ഒരു വ്യത്യാസവും നിയമം വിഭാവനചെയ്യുന്നില്ല.
    3. സിവില്‍ കോടതിയോ ക്രിമിനല്‍ക്കോടതിയോ ട്രിബ്യൂണലോ കുടുംബ കോടതിയോ വാടകനിയന്ത്രണ കോടതിയോ ഉപഭോക്തൃഫോറമോ അപകട നഷ്ടപരിഹാര ട്രിബ്യൂണലോ സമാനമായ മറ്റ് ഫോറങ്ങളോ അയക്കുന്ന ഏതു കേസിലും കക്ഷികള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി വിധിപറയാന്‍ ലോക് അദാലത്തിന് ഒരു തടസ്സവുമില്ല.
    4. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിലെ 138-ാം വകുപ്പനുസരിച്ച് ഒരു ക്രിമിനല്‍ക്കോടതി കൈമാറുന്ന കേസില്‍ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ലോക് അദാലത്ത് നല്‍കുന്ന ഉത്തരവ് ഒരു സിവില്‍ കോടതിവഴി നടപ്പാക്കാവുന്ന ഉത്തരവായിത്തന്നെ കാണണം. ഈ വിധി അനുസരിച്ച് പരാതിക്കാരന്റെ അപേക്ഷ പരിഗണിച്ച് നടപടി സ്വീകരിക്കാന്‍ മുന്‍സിഫ് കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. 2011 നവംബര്‍ 28നായിരുന്നു ഈ വിധി.

Tuesday, December 6, 2011

അമ്മ, നയം, നിയമം
അഡ്വ. കെ ആര്‍ ദീപ
Posted on: 06-Dec-2011 11:36 AM
ര്‍ഭപാത്രം വാടകയ്ക്കു നല്‍കിയുള്ള ഗര്‍ഭധാരണം (Surrogacy) ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് നിയമനിര്‍മാണത്തിന് ഒരുക്കം അവസാനഘട്ടത്തിലെത്തി. ഇതിനുള്ള ബില്‍ (Assisted Reproductive Technology Bill ) ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത് പാര്‍ലമെന്റിലെത്തും.

 വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വാടക അമ്മമാരെ തേടിയെത്തുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള ഗര്‍ഭധാരണവും ഇങ്ങനെ ഉണ്ടാകുന്ന കുട്ടികളുടെ കൈമാറ്റവും നിയന്ത്രിക്കാന്‍ നിലവില്‍ ഇന്ത്യയില്‍ നിയമങ്ങളില്ല. ഒരു നിയമവും ഇത് വിലക്കുന്നുമില്ല. 2005ല്‍ പുറപ്പെടുവിച്ച ചില മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്
നിലവിലുള്ളത്. ചെലവ് കുറവും ശക്തമായ നിയമങ്ങളില്ലാത്തതും തന്നെയാണ് ഇന്ത്യയെ ഒരു "ഗര്‍ഭപാത്ര വിപണി"എന്ന നിലയില്‍ വിദേശികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. അമേരിക്കയില്‍ ഒരുലക്ഷം ഡോളര്‍ (50 ലക്ഷം രൂപ) മുടക്കിയാലേ ഇത്തരത്തില്‍ ഒരമ്മയെ വാടകയ്ക്ക് കിട്ടുകയുള്ളൂ. ഇവിടെ ചെലവ് അതിന്റെ നാലിലൊന്നേ വരൂ. നിയന്ത്രണങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച കണക്കുകളൊന്നും സര്‍ക്കാരിന്റെ പക്കലില്ല.

ഈ സാഹചര്യത്തിലാണ് 2009 ആഗസ്ത് അഞ്ചിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 228-ാമത് റിപ്പോര്‍ട്ടില്‍ പുതിയ നിയമം വേണമെന്ന നിര്‍ദേശം ദേശീയ ലോ കമീഷന്‍ മുന്നോട്ടുവച്ചത്. വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഈ രംഗത്ത് നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജ. ഡോ. എ ആര്‍ ലക്ഷ്മണന്‍ അധ്യക്ഷനായ കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

"ഇതില്‍ ഏറെ മനുഷ്യാവകാശപ്രശ്നങ്ങളും ധാര്‍മികവിഷയങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിയമപരമായ ചട്ടക്കൂട്ടിലല്ലെങ്കില്‍ ഒട്ടേറെ സങ്കീര്‍ണതകള്‍ ഉണ്ടാകാം. എന്നാല്‍ , അവ്യക്തമായ "ധാര്‍മിക" കാരണങ്ങള്‍ പറഞ്ഞ് ഇത്തരം ഗര്‍ഭധാരണങ്ങള്‍ നിരോധിക്കുന്നതിന് അര്‍ഥമില്ല"- കമീഷന്‍ വ്യക്തമാക്കി. നിയമത്തില്‍ ഉണ്ടാകേണ്ടത് എന്തെല്ലാമെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

വ്യക്തമായ കരാറിലൂടെയാകണം ഗര്‍ഭധാരണം. ഗര്‍ഭധാരണത്തിനു തയ്യാറാകുന്ന സ്ത്രീയുടെ സമ്മതം കരാറിലുണ്ടാകണം. അവരുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഇതിന് സമ്മതം നല്‍കണം. കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സമ്മതവും കരാറിലുണ്ടാകണം.കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികളില്‍ ഒരാളുടെ അണ്ഡമോ/ബീജമോ ഉപയോഗിച്ചുതന്നെയാകണം കൃത്രിമ ഗര്‍ഭധാരണം. കുട്ടിയുമായി രക്ഷിതാക്കള്‍ക്ക് ജൈവശാസ്ത്രപരമായ ബന്ധം രൂപപ്പെടാന്‍ ഇതാവശ്യമാണെന്ന് കമ്മീഷന്‍ കാണുന്നു.പ്രസവചെലവുകളെല്ലാം കുട്ടിയെ ലഭിക്കേണ്ട കുടുംബം വഹിക്കണം. കുട്ടിയെ ആ രക്ഷിതാക്കള്‍ക്കോ രക്ഷിതാവിനോ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഗര്‍ഭം ധരിക്കുന്ന സ്ത്രീയും കരാറില്‍ വ്യക്തമാക്കണം. എന്നാല്‍ ,ഈ ഏര്‍പ്പാടുകളൊന്നും വാണിജ്യലക്ഷ്യത്തോടെയാകരുത്.

കുട്ടിയുടെ സാമ്പത്തികരക്ഷ ഉറപ്പാക്കാന്‍ വ്യവസ്ഥ വേണം. കുട്ടിയെ ഏറ്റെടുക്കേണ്ടയാള്‍ മരിക്കുകയോ ദമ്പതികളാണെങ്കില്‍ അവര്‍ വേര്‍പിരിയുകയോ ചെയ്താല്‍ കുട്ടി അനാഥ/അനാഥനാകരുത്. ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ജീവന്‍ ഇന്‍ഷുര്‍ ചെയ്യാനും വ്യവസ്ഥ ഉണ്ടാകണം. ഏറ്റെടുക്കുന്ന ദമ്പതികളുടെ കുട്ടി എന്നതു തന്നെയായിരിക്കണം ഇത്തരത്തില്‍ കൈമാറുന്ന കുട്ടിയുടെ നിയമപരമായ അസ്തിത്വം. ദത്തെടുക്കലിന്റെയോ രക്ഷിതാവായി പ്രഖ്യാപിക്കലിന്റെയോ ആവശ്യം ഉണ്ടാകരുത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഏറ്റെടുക്കുന്ന ദമ്പതികളായിരിക്കണം അച്ഛനമ്മമാര്‍ . ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെയും കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബത്തിന്റെയും വിവരങ്ങള്‍ രഹസ്യമായിരിക്കണം. ഇത്തരത്തിലുള്ള വ്യവസ്ഥകളോടെ നിയമം നിര്‍മിക്കണമെന്നാണ് കമീഷന്‍ നിര്‍ദേശിച്ചത്.

ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (icmr) നെ ബില്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം തയ്യാറാക്കിയ ബില്ലാണ് ഇപ്പോള്‍ പാര്‍ലമെന്റിലെത്തുന്നത്.

ഈ മേഖലയില്‍ മേല്‍നോട്ടത്തിനായി കേന്ദ്രആരോഗ്യ സെക്രട്ടറി ചെയര്‍മാനായി ഒരു 21അംഗ ഉപദേശക സമിതി രൂപീകരിക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തും സമാനമായ സമിതികള്‍ നിലവില്‍ വരും. ഈ രംഗത്തെ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. ലോ കമീഷന്‍ ശുപാര്‍ശ ചെയ്ത മറ്റു വ്യവസ്ഥകളും നിയമത്തിലുണ്ടാകുമെന്നാണ് സൂചന.

 


"മാറ്റമ്മ"മാരുടെ ആനന്ദ്

ഇന്ത്യയില്‍ ഇന്ന് വാടകപ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ഗുജറാത്തിലെ ആനന്ദ് നഗരമാണ്. പാല്‍ സഹകരണ വിപണന സംഘമായ അമൂലിന്റെ ആസ്ഥാനമായ ഇവിടം ഇന്ന് ഗര്‍ഭപാത്ര വിപണിയെന്ന നിലയിലും പേരെടുത്തുകഴിഞ്ഞു.

ഡോ. നയനാ പട്ടേല്‍ നടത്തുന്ന കൈവാല്‍ ക്ലിനിക്കാണ് ആനന്ദില്‍ ഈ രംഗത്തെ മുഖ്യസ്ഥാപനം. 2005 മുതല്‍ ഇവിടെ വാടകപ്രസവം നടത്തിക്കൊടുക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടണ്‍ , ആസ്ത്രേലിയ, കനഡ, ഇസ്രയേല്‍ , സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ദമ്പതികള്‍ ഇവിടേയ്ക്കെത്തുന്നു. 500ലേറെ കുട്ടികള്‍ ഇവിടെ ഇത്തരത്തില്‍ പ്രസവിച്ച് കൈമാറിക്കഴിഞ്ഞു.

ദരിദ്രകുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് അമ്മമാരാകാന്‍ എത്തുന്നവരേറെയും ഗര്‍ഭകാലം മുഴുവന്‍ ഇവര്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ഇടനിലക്കാരുടെ ചൂഷണം ശക്തമായതിനാല്‍ വിദേശദമ്പതികള്‍ ആശുപത്രിക്ക് നല്‍കുന്ന തുകയുടെ ഒരുപങ്കേ പ്രസവിക്കുന്ന സ്ത്രീക്ക് ലഭിക്കുകയുള്ളൂ. എങ്കിലും പലര്‍ക്കും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ "അമ്മയാകല്‍" തുണയാകും. ഗര്‍ഭധാരണത്തിനും പ്രസവത്തിനും "സമയം കളയാനില്ലാത്ത" ദമ്പതികള്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ പ്രസവം സാധിക്കാത്ത സ്ത്രീകള്‍ വരെ ഈ രീതി തേടി എത്തുന്നു. രോഗിയായ മകളുടെ കുട്ടിയെ പ്രസവിക്കാന്‍ തയ്യാറായിവന്ന അമ്മയായിരുന്നു ഡോ നയന പട്ടേലിന്റെ ക്ലിനിക്കിലെ ആദ്യത്തെ "മാറ്റമ്മ" (surrogate mother).


മഞ്ജി കുരുങ്ങിയ കുരുക്ക്

വാടക അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വം മുതല്‍ പിതൃത്വം വരെ നിയമക്കുരുക്കുകളില്‍ എത്താനുള്ള സാധ്യതയേറെയാണ്. പലരാജ്യങ്ങളിലും ഇത് സംഭവിക്കുന്നുമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസില്‍ തീര്‍പ്പുണ്ടാക്കിയത് സുപ്രീംകോടതിയാണ്. 2008ല്‍ ആയിരുന്നു ഇത്.

ജപ്പാനിലെ ദമ്പതികളായ ഇക്കുഫുമി യമാദയും ഭാര്യ ഡോ. യുക്കി യമാദയും ഇന്ത്യയില്‍നിന്ന് ഒരമ്മയെ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു. ബീജം ഇക്കുഫുമി യമാദയില്‍നിന്നുതന്നെയായിരുന്നു. എന്നാല്‍ , അണ്ഡം യുക്കി യമാദയുടേതായിരുന്നില്ല. അത് മറ്റൊരു സ്ത്രീയില്‍നിന്നായിരുന്നു. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയ അമ്മ ഗുജറാത്തിലെ ആനന്ദ് സ്വദേശിനി. പ്രസവം ഈ മേഖലയില്‍ ശ്രദ്ധേയയായ ഡോ. നയന പട്ടേലിന്റെ ആശുപത്രിയില്‍ .
കുട്ടി ഉണ്ടായപ്പോഴേക്കും ഇക്കുഫുമി യമാദയും ഭാര്യയും തമ്മില്‍ ബന്ധം മോശമായി. അവര്‍ വേര്‍പിരിഞ്ഞു. 2008 ജൂലൈ 25ന് കുട്ടി ജനിച്ചു. മഞ്ജി എന്നു പേരുമിട്ടു. യമാദ കുട്ടിയുടെ പാസ്പോര്‍ട്ടിനു ശ്രമിച്ചു. എന്നാല്‍ ജപ്പാന്‍ എംബസി നല്‍കിയില്ല. കുട്ടി ഏത് നാട്ടുകാരിയാണെന്ന് നിശ്ചയിക്കാനാകാത്തതാണ് പ്രശ്നമായത്. ജനിച്ചത് ഇന്ത്യക്കാരിക്കായതിനാല്‍ കുട്ടിയ്ക്ക് പാസ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് എംബസി പറഞ്ഞു. എന്നാല്‍ കുട്ടിയെ ദത്തെടുക്കാമെന്നായി യമാദ. അത് ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. വിഭാര്യനായ ആള്‍ക്ക് പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടില്‍ വിലക്കുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടിനുള്ള ശ്രമവും പരാജയപ്പെട്ടു. ആനന്ദ് മുനിസിപ്പാലിറ്റി നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ പേരില്ലാത്തതായിരുന്നു തടസ്സം.

ഇതിനിടെ വിസ കാലാവധി തീര്‍ന്നതിനാല്‍ ഇക്കുഫുമി യമാദയ്ക്ക് ജപ്പാനിലേക്ക് മടങ്ങേണ്ടിവന്നു. കുട്ടിയെ ഏറ്റെടുക്കാനായി യമാദയുടെ അമ്മ എമിക്കോ യമാദ ജപ്പാനില്‍നിന്നു പറന്നെത്തി.
അപ്പോള്‍ പുതിയ പ്രശ്നം. ഈ ഇടപാട് മുഴുവന്‍ നിയമവിരുദ്ധമാണെന്നും അനധികൃതമായി കുട്ടികളെ ജനിപ്പിച്ച് അവരെ വിദേശികള്‍ക്ക് വില്‍ക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍ നയന പട്ടേലും മറ്റുമെന്നാരോപിച്ച് ഒരു സന്നദ്ധസംഘടന ഗുജറാത്ത് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവായി. എന്നാല്‍ ഇക്കുഫുമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേസില്‍ ഇടപെട്ടു. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാല്‍ പൗരത്വപ്രശ്നം സുപ്രീംകോടതിക്കും തലവേദനയായി.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമീഷന്റെ അഭിപ്രായംകൂടി മാനിച്ച് ഒടുവില്‍ മഞ്ജിക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ തീരുമാനമായി. അമ്മയുടെ പേരോ പൗരത്വമോ വ്യക്തമാക്കാത്ത ഒരു സര്‍ട്ടിഫിക്കറ്റ് രാജസ്ഥാന്‍ പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് നല്‍കിയാണ് പാസ്പോര്‍ട്ട് ലഭ്യമാക്കിയത്. ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ ചരിത്രത്തിലാദ്യം. ജപ്പാനിലേക്ക് പോകാന്‍ മാത്രം ഉപയോഗിക്കാവുന്ന ഒരു ട്രാവല്‍ വിസയും നല്‍കി. രണ്ടര മാസം നീണ്ട നിയമക്കുരുക്കുകള്‍ അഴിച്ച് 2008 സപ്തംബര്‍ 15ന് അമ്മൂമ്മ കുട്ടിയുമായി ജപ്പാനിലെ ഒസാക്കയിലേക്ക് പോയി. ഇതിനിടെ അവിടെ കുട്ടിക്ക് പൗരത്വം നല്‍കാനാകുമെന്ന് ജപ്പാന്‍ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. പ്രശ്നം തല്‍ക്കാലം പരിഹരിക്കപ്പെട്ടു. എന്നാല്‍ ഇനിയും ഒരു മഞ്ജി പ്രശ്നമുണ്ടായാല്‍ ഇതേ നിയമക്കുരുക്കുകള്‍ വീണ്ടും ഉണ്ടാകും എന്നതാണ് സ്ഥിതി.

Monday, December 5, 2011

മുതലാളി മാറിയാല്‍ തൊഴിലാളിക്കും മാറാം
അഡ്വ. കെ ആര്‍ ദീപ
Posted on: 01-Dec-2011 03:07 PM
മുതലാളി കമ്പനി വിറ്റാല്‍ പുതിയ കമ്പനിയില്‍ ജോലിചെയ്യണമെന്ന് തൊഴിലാളികളെ നിര്‍ബന്ധിക്കാനാകുമോ? ഇല്ലെന്ന് സുപ്രീം കോടതി. എന്നു മാത്രമല്ല, അവര്‍ പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം കമ്പനി നല്‍കുകയും വേണം. കൊല്‍ക്കത്തയിലെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡിലെ തൊഴിലാളികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് ജെ ചെലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 
ഫിലിപ്സ് ഇന്ത്യ കമ്പനി 1997ല്‍ സ്വയംവിരമിക്കല്‍ പദ്ധതി (voluntary retirement scheme) അവതരിപ്പിച്ചു. ഭൂരിപക്ഷം തൊഴിലാളികളും ഇതു സ്വീകരിച്ച് പിരിഞ്ഞുപോയി. ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ ഫിലിപ്സ് കമ്പനി വീഡിയോകോണ്‍ കമ്പനിയുമായി കരാറുണ്ടാക്കി. ഇതനുസരിച്ച് ഫിലിപ്സിന്റെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഫാക്ടറി അവര്‍ വീഡിയോകോണിന്റെ സബ്സിഡിയറിയായ കിച്ചണ്‍ അപ്ലയന്‍സസ് ലിമിറ്റഡിനു വിറ്റു. ഇക്കാര്യം ഫിലിപ്സിലെ തൊഴിലാളി യൂണിയനെ കത്തിലൂടെ കമ്പനി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച വിരമിക്കല്‍ പദ്ധതി പിന്‍വലിച്ചതായും കത്തില്‍ പറഞ്ഞു. ഇത്തരത്തിലൊരു വില്‍പ്പനയെ എതിര്‍ത്ത് യൂണിയന്‍ മറുപടിക്കത്ത് നല്‍കി. നിലവിലുള്ള ഒരു സിവില്‍ക്കോടതിവിധിപ്രകരം ഇത്തരത്തിലൊരു കൈമാറ്റം നിയമവിരുദ്ധമാണെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. യൂണിയന്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലും ഹര്‍ജി നല്‍കി. പ്രശ്നം തീര്‍പ്പാക്കാന്‍ ലേബര്‍ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഉടമസ്ഥതാമാറ്റം തൊഴിലാളികളുടെ താല്‍പ്പര്യത്തെ ഒരുവിധത്തിലും ബാധിക്കുന്നതല്ലെന്നായിരുന്നു ലേബര്‍ കമീഷണറുടെ തീര്‍പ്പ്. യൂണിയന്‍ വീണ്ടും ഹൈക്കോടതിയിലെത്തി. തൊഴിലാളികളെ വിരമിക്കല്‍/പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ വാങ്ങി പിരിഞ്ഞുപോകാന്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ച് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് കമ്പനി നടപ്പാക്കുന്നില്ലെന്നു കാട്ടി യൂണിയന്‍ ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും പിന്നീട് ഡിവിഷന്‍ ബെഞ്ചിനെയും സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കമ്പനിയുടെ കൈമാറ്റത്തെ തങ്ങള്‍ എതിര്‍ക്കുകയാണെന്നും ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയിരുന്നതായും തൊഴിലാളികള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കൈമാറ്റം ലേബര്‍ കമീഷണര്‍ ശരിവച്ചു. അപ്പോള്‍ തൊഴിലാളികള്‍ വിആര്‍എസിന് അനുമതി തേടി. പുതിയ മാനേജ്മെന്റിന്റെ കീഴില്‍ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ അറിയിച്ചു. വിആര്‍എസ് കിട്ടാതെവന്നപ്പോഴാണ് ഹൈക്കോടതിയില്‍ പോയത്. ഹൈക്കോടതി വിആര്‍എസ് നല്‍കാന്‍ പറഞ്ഞു. എന്നിട്ടും കമ്പനി നല്‍കുന്നില്ല. ഇത് കോടതിയലക്ഷ്യമാണ്- തൊഴിലാളികള്‍ വാദിച്ചു. എന്നാല്‍ വിആര്‍എസ് 1998ല്‍ പിന്‍വലിച്ചതാണെന്നും ഇനി ആ പദ്ധതിയില്‍പ്പെടുത്തി ആനുകൂല്യം തരാനാകില്ലെന്നുമാണ് കമ്പനി വാദിച്ചത്. ഹൈക്കോടതി ഉത്തരവ് നിയമപരമല്ലെന്ന വാദവും കമ്പനി സുപ്രീം കോടതിയില്‍ ഉന്നയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് തൊഴിലാളികളുടെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തരവു നല്‍കിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കമ്പനിയുടെ വാദം കേട്ടശേഷമാണ് കോടതി വിധിപറഞ്ഞത്. സമയത്ത് വിആര്‍എസിന് അപേക്ഷ നല്‍കാത്തവരാണ് ഈ തൊഴിലാളികള്‍ എന്ന വാദം അവിടെ കമ്പനി ഉയര്‍ത്തിയിരുന്നു. അത് ശരിയുമാണ്. പക്ഷേ തൊഴിലാളികള്‍ ഈ കാലയളവില്‍ തങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നിയമവഴികള്‍ തേടുകയായിരുന്നുവെന്നതു കാണണം. അവര്‍ മാനേജ്മെന്റിന് കത്ത് നല്‍കി, ലേബര്‍ കമീഷണര്‍ക്ക് പരാതി നല്‍കി. ഒടുവില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. യഥാര്‍ഥത്തില്‍ തൊഴില്‍തര്‍ക്കത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. എന്നാല്‍ തൊഴിലാളികള്‍ ഈ മാനേജ്മെന്റ്മാറ്റത്തിന് അനുമതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് ആനുകൂല്യം വാങ്ങി പിരിഞ്ഞുപോകാന്‍ അവസരം നല്‍കണമെന്നാണ് ഹൈക്കോടതി വിധിച്ചത്- സുപ്രീം കോടതി വ്യക്തമാക്കി. 
തൊഴിലാളികളെ, അവരുടെ അനുമതിയില്ലാതെ വ്യത്യസ്തമായ ഒരു മാനേജ്മെന്റിനു കീഴില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നത് അംഗീകൃത നിയമമാണ്. അത്തരമൊരു സാഹചര്യം വന്നാല്‍ അവരെ പിരിഞ്ഞുപോകാന്‍ അനുവദിക്കണം. പല കോടതികളിലായി നിയമയുദ്ധം നടത്തിവന്ന തൊഴിലാളികള്‍ സമയത്ത് വിആര്‍എസിന് അപേക്ഷ നല്‍കിയില്ലെന്ന കാരണം പറഞ്ഞ് അവര്‍ക്ക് ആനുകൂല്യം നിഷേധിക്കാനാവില്ല. ഹൈക്കോടതി ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഉത്തരവു നല്‍കിയത്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചപോലെ വിരമിക്കല്‍ ആനുകൂല്യം നല്‍കി തൊഴിലാളികള്‍ക്ക് വിട്ടുപോകാന്‍ ഫിലിപ്സ് ഇന്ത്യ കമ്പനി നടപടി സ്വീകരിക്കണം. തൊഴിലാളികള്‍ കോടതിയലക്ഷ്യഹര്‍ജിയുമായി സമീപിച്ചപ്പോള്‍ത്തന്നെ ഹൈക്കോടതി ഈ നിര്‍ദേശം കമ്പനിക്ക് നല്‍കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2011 നവംബര്‍ 18 നായിരുന്നു വിധി. വിധി ലഭിച്ച് മൂന്നുമാസത്തിനകം ഉത്തരവ് നടപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.