- ക്രിമിനല്‍ക്കേസിലെ ലോക് അദാലത്ത് തീര്‍പ്പും അന്തിമം
അഡ്വ. കെ ആര്‍ ദീപ - ക്രിമിനല്‍ക്കേസുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ലോക് അദാലത്തില്‍ കൈക്കൊള്ളുന്ന ഏതു തീരുമാനവും സിവില്‍ കോടതി തീര്‍പ്പിനു തുല്യമാണെന്നും അതു നടപ്പാക്കാന്‍ ഉത്തരവിടാന്‍ സിവില്‍ കോടതിക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. ഇടയ്ക്കിടെ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുന്ന നിയമവ്യവസ്ഥകള്‍ക്ക് കൃത്യത നല്‍കിയാണ് ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് ജെ ചെലമേശ്വറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധി. കേരളത്തില്‍നിന്നുള്ള കേസിലാണ് തീര്‍പ്പുണ്ടായത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള ക്രിമിനല്‍ക്കേസിലാണ് തുടക്കം.
ചെക്ക് മടങ്ങിയതാണ് വിഷയം. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് വന്നത്. മജിസ്ട്രേട്ട് ആ കേസ് ജില്ലാതല ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു കൈമാറി. ലോക് അദാലത്തിലൂടെ തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചായിരുന്നു ഇത്. ലോക് അദാലത്തില്‍ കേസ് ഒത്തുതീര്‍പ്പായി. പണം തവണകളായി കൊടുത്തുതീര്‍ക്കാമെന്നായിരുന്നു തീര്‍പ്പ്. വ്യവസ്ഥ പാലിക്കപ്പെട്ടില്ല. പരാതിക്കാരന് പണം കിട്ടിയില്ല. ലോക് അദാലത്ത് ഉത്തരവ് നടപ്പാക്കമിക്കിട്ടണമെന്ന ആവശ്യവുമായി പരാതിക്കാരന്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചു. എന്നാല്‍ മജിസ്ട്രേട്ട് കോടതി ലോക് അദാലത്തിനു കൈമാറിയ ക്രിമിനല്‍ക്കേസിലെ തീര്‍പ്പ് സിവില്‍ കോടതി ഉത്തരവിലൂടെ നടപ്പാക്കാനാവില്ലെന്ന നിലപാടാണ് മുന്‍സിഫ് കോടതി എടുത്തത്. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. അവിടെയും നിലപാട് മാറിയില്ല. കേസ് തള്ളിപ്പോയി.
ഈ വിധിക്കെതിരായ സ്പെഷ്യല്‍ ലീവ് പെറ്റീഷനുമായി പരാതിക്കാരന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ലോക് അദാലത്ത് എന്ന സംവിധാനത്തിന്റെ ലക്ഷ്യവും ആവശ്യകതയും വിധിയില്‍ വിശദമായി പരിശോധിച്ചു. പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുക എന്നതുതന്നെയാണ് ലോക് അദാലത്തിന്റെ മുഖ്യലക്ഷ്യം. അതിന് നിയമ പിന്‍ബലം നല്‍കിയിരിക്കുന്നത് നീതിനടത്തിപ്പ് വീട്ടുപടിക്കല്‍ എത്തിക്കുക, വേഗത്തിലും കുറഞ്ഞ ചെലവിലും നീതി ലഭ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയുമാണ്. കോടതികളുടെ ജോലിഭാരവും ഇതിലൂടെ കുറയ്ക്കാം. ഏതു തരം കോടതി (സിവില്‍ , ക്രിമിനല്‍ , റവന്യു)യിലെയും ട്രിബ്യൂണലിലെയും കേസുകള്‍ ഇത്തരത്തില്‍ ലോക് അദാലത്തുവഴി തീര്‍പ്പാക്കാമെന്ന് 1987ലെ ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ടില്‍ പറയുന്നു.
ലോക് അദാലത്തിന്റെ ഉത്തരവിന്റെ സ്വഭാവം വ്യക്തമാക്കുന്നത് ആക്ടിന്റെ 21-ാം വകുപ്പിലാണ്. ലോക് അദാലത്തിന്റെ ഏതുതീരുമാനവും ഒരു സിവില്‍ കോടതിയുടെയോ മറ്റേതു കോടതിയുടെയോ ഉത്തരവി (decree)നു തുല്യമാകും. ലോക് അദാലത്തിന്റെ ഏതു തീര്‍പ്പും അന്തിമവും തര്‍ക്കത്തിലുള്‍പ്പെട്ടവര്‍ക്കെല്ലാം ബാധകവുമാകും. ഈ തീര്‍പ്പിനെതിരെ ഒരു കോടതിയിലും അപ്പീലുമായി പോകാനാവില്ലെന്നും ആക്ടില്‍ വ്യവസ്ഥചെയ്യുന്നു. ഒരു ക്രിമിനല്‍ക്കേസില്‍ ലോക് അദാലത്തിലുണ്ടായ തീര്‍പ്പ് ഒരു സിവില്‍ കോടതി ഉത്തരവായി കരുതി നടപ്പാക്കാമോ എന്നതാണ് ഇപ്പോഴത്തെ കേസിലെ ചോദ്യം- സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നടപ്പാക്കാം എന്ന വാദമാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഹൈക്കോടതി ഈ വാദം തള്ളി. ഒരു ക്രിമിനല്‍ കോടതി റഫര്‍ചെയ്ത കേസിലാണ് ലോക് അദാലത്തില്‍ തീരുമാനമുണ്ടായതെന്നും അതുകൊണ്ട് ആ ഉത്തരവ് ഒരു സിവില്‍ കോടതി ഉത്തരവായി കരുതി നടപ്പാക്കണമെന്നു പറയാനാവില്ലെന്നുമുള്ള നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ആ ഉത്തരവിനെ ഒരു ക്രിമിനല്‍ക്കോടതി ഉത്തരവായേ കണക്കാക്കാനാകൂ എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മുന്‍കാല വിധികള്‍ പലതും സുപ്രീം കോടതി പരിശോധിച്ചു. ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ടിലെ വ്യവസ്ഥകളും വിശദമായി വിലയിരുത്തി. ഹൈക്കോടതിയുടെ തീരുമാനം തീര്‍ത്തും തെറ്റെന്ന നിഗമനത്തിലാണ് സുപ്രീം കോടതി എത്തിയത്. ലീഗല്‍ സര്‍വീസ് അതോറിറ്റീസ് ആക്ട് പരിശോധിച്ചാല്‍ നിയമത്തിന് നിയമനിര്‍മാണസഭ ഉദ്ദേശിച്ച ലക്ഷ്യവും ഹൈക്കോടതി കരുതുന്നതല്ലെന്നു വ്യക്തമാകും. നിയമത്തിന്റെ 21-ാം വകുപ്പില്‍ അവ്യക്തതയൊന്നുമില്ല. സിവില്‍ കോടതി അയക്കുന്ന കേസില്‍ തീര്‍പ്പുകല്‍പ്പിച്ചാലേ ലോക് അദാലത്ത് ഉത്തരവ് വിധിയാകൂ എന്ന് ആ വകുപ്പില്‍ ഒരിടത്തും പറയുന്നില്ല. അത്തരത്തില്‍ സിവില്‍ കോടതി കേസ്, ക്രിമിനല്‍ക്കോടതി കേസ് എന്നൊരു വേര്‍തിരിവ് നിയമം ഉദ്ദേശിച്ചിട്ടില്ല. ഒരു ക്രിമിനല്‍ക്കോടതി കൈമാറുന്ന കേസിലും ലോക് അദാലത്തിന്റെ തീര്‍പ്പ് അന്തിമംതന്നെയാണ്- സുപ്രീം കോടതി വ്യക്തമാക്കി.
കേസിലെ തീര്‍പ്പുകള്‍ ആകെ നാലെണ്ണമായി എണ്ണിപ്പറഞ്ഞാണ് സുപ്രീം കോടതി വിധി അവസാനിപ്പിക്കുന്നത്.
1. ലോക് അദാലത്തിന്റെ ഏത് ഉത്തരവും ഒരു സിവില്‍ കോടതി ഉത്തരവായി കരുതാം. അതുകൊണ്ടുതന്നെ സിവില്‍ കോടതിവഴി നടപ്പാക്കുകയും ആകാം.
2. സിവില്‍ കോടതി കൈമാറുന്ന കേസും ക്രിമിനല്‍ക്കോടതി കൈമാറുന്ന കേസും തമ്മില്‍ ഒരു വ്യത്യാസവും നിയമം വിഭാവനചെയ്യുന്നില്ല.
3. സിവില്‍ കോടതിയോ ക്രിമിനല്‍ക്കോടതിയോ ട്രിബ്യൂണലോ കുടുംബ കോടതിയോ വാടകനിയന്ത്രണ കോടതിയോ ഉപഭോക്തൃഫോറമോ അപകട നഷ്ടപരിഹാര ട്രിബ്യൂണലോ സമാനമായ മറ്റ് ഫോറങ്ങളോ അയക്കുന്ന ഏതു കേസിലും കക്ഷികള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി വിധിപറയാന്‍ ലോക് അദാലത്തിന് ഒരു തടസ്സവുമില്ല.
4. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിലെ 138-ാം വകുപ്പനുസരിച്ച് ഒരു ക്രിമിനല്‍ക്കോടതി കൈമാറുന്ന കേസില്‍ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ലോക് അദാലത്ത് നല്‍കുന്ന ഉത്തരവ് ഒരു സിവില്‍ കോടതിവഴി നടപ്പാക്കാവുന്ന ഉത്തരവായിത്തന്നെ കാണണം. ഈ വിധി അനുസരിച്ച് പരാതിക്കാരന്റെ അപേക്ഷ പരിഗണിച്ച് നടപടി സ്വീകരിക്കാന്‍ മുന്‍സിഫ് കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. 2011 നവംബര്‍ 28നായിരുന്നു ഈ വിധി.
Monday, December 19, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment