Saturday, October 29, 2011

വാഹനം പിടിക്കുന്ന
കാട്ടുനീതി വേണ്ട

വായ്പയെടുത്ത് വാങ്ങിയ കാര്‍ ഏതാനും ഗഡുക്കള്‍ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ പിടിച്ചെടുത്ത് വില്‍പ്പന നടത്തിയ ബാങ്ക് കാറുടമയ്ക്ക് കാറിന്റെ വിലയും നഷ്ട പരിഹാരവും നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു.
സിറ്റി ബാങ്ക് സ്ഥാപനമായ സിറ്റി കോര്‍പ്സ് മാരുതി ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 2,71,636 രൂപ വായ്പയെടുത്ത് മാരുതി ഓമ്നി വാങ്ങിയ ന്യൂഡല്‍ഹി സ്വദേശി വിജയലക്ഷ്മിയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. സംസ്ഥാന കമീഷന്റെ സമാനമായ വിധിക്കെതിരെ ബാങ്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ദേശീയ കമ്മീഷന്റെ ഉത്തരവ്.
2000 ലാണ് വായ്പയെടുത്തത്. 2000 മേയ് മുതല്‍ 2003 ജനുവരി വരെ കൃത്യമായി ഗഡുക്കള്‍ അടയ്ക്കുകയും ചെയ്തു. ജനുവരിയില്‍ ഭര്‍ത്താവിന് ഒരു അപകടത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് കുറച്ചു ഗഡുകള്‍ മുടങ്ങി. ബാങ്ക് നോട്ടീസയച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്ന നിലയില്‍ 60,000 രൂപ അടച്ച് കടം വീട്ടാന്‍ ബാങ്കും വിജയലക്ഷ്മിയുമായി ധാരണയിലുമെത്തി. 2003 മെയ്19നാണ് ധാരണയനുസരിച്ചുള്ള കത്ത് ബാങ്കിന്റെ ഏജന്റ് കൈമാറുന്നത്. എന്നാല്‍ കത്തില്‍ പറഞ്ഞിരുന്നത് മെയ് പതിനാറിനകം തുക അടക്കണം എന്നാണ്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇനി 14 ദിവസത്തനകം പണം അടച്ചാല്‍ മതിയെന്നാണ് വിശദീകരണം ലഭിച്ചതെന്ന് വിജയലക്ഷ്മി പറയുന്നു. ഇതനുസരിച്ച് ബാങ്കിന് മറുപടി കത്തും നല്‍കി.
എന്നാല്‍ പറഞ്ഞ കാലാവധി തീരും മുമ്പ് 29ന് ഗുണ്ടാസംഘത്തെ അയച്ച് ബാങ്ക് കാര്‍ പിടിചെടുത്തു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. കാര്‍ പിന്നീട് ഒരു ലക്ഷം രൂപയ്ക്ക് ബാങ്ക് ലേലത്തില്‍ വിറ്റതായി വിവരം കിട്ടി. തുടര്‍ന്നാണ് അവര്‍ ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കിയത്. ഒന്നര ലക്ഷം രൂപയും അതിന് ഒമ്പതു ശതമാനം പലിശയും മാനസിക പീഡനത്തിന് നഷ്ട പരിഹാരമായി 5000 രൂപയും നല്‍കാനായരുന്നു ഫോറത്തിന്റെ വിധി. ് സംസ്ഥാന കമ്മീഷനില്‍ ബാങ്ക് പരാതി നല്‍കി. ജില്ലാഫോറം പറഞ്ഞ 5000 രൂപയുടെ നഷ്ടപരിഹാരം 50,000 ആയി ഉയര്‍ത്തിക്കൊണ്ട് ബാങ്കിന്റെ അപ്പീല്‍ തള്ളുകയാണ് സംസ്ഥാന കമ്മീഷന്‍ ചെയ്തത്. ഇതിനെതിരെയാണ് ബാങ്ക് ദേശീയ കമ്മീഷനിലെത്തിയത്. സംസ്ഥാന ഫോറം വിധിച്ച 50,000 രൂപയുടെ നഷ്ടപരിഹാരത്തിനു പകരം ജില്ലാഫോറം വിധിച്ച 5000 രൂപയുടെ നഷ്ടപരിഹാരം മതി എന്ന ഭേദഗതിയോടെ ബാങ്കിന്റെ അപ്പീല്‍ ദേശീയഫോറം തള്ളുകയായിരുന്നു.
ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്ന് കടമെടുത്ത് ഒരാള്‍ വാഹനം വാങ്ങിയാല്‍ അതിന്റെ ഉടമ അയാള്‍ തന്നെയാണെന്ന് കമ്മീഷന്‍ വിധിയില്‍ ചൂണ്ടിക്കാട്ടി. കടമെടുത്തു എന്നതുകൊണ്ട് വാഹനം കടം നല്‍കിയ വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ ആകുന്നില്ല. അല്ലെങ്കില്‍ ഉടമസ്ഥത മാറ്റിയിട്ടുണ്ടാകണം.
ജനാധിപത്യരാജ്യമെന്ന നിലയില്‍ നമുക്ക് നിയമങ്ങളുണ്ട്. വാഹനം വാങ്ങാന്‍ വായ്പയെടുത്തയാള്‍ പണം അടക്കാതെവന്നാല്‍ അത് ഈടാക്കാന്‍ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയെ പ്രയോജനപ്പെടുത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഇവ അവലംബിക്കാതെ ബലപ്രയോഗത്തിലൂടെ വാഹനം പിടിച്ചെടുക്കാന്‍ ഒരു ബാങ്കിനും അധികാരമില്ല.
നിയമനടപടികള്‍ ചിലപ്പോള്‍ വൈകിയേക്കാം. പക്ഷേ വാഹനം പിടിച്ചെടുക്കാന്‍ ഗുണ്ടകളെ പറഞ്ഞുവിടാന്‍ അത് ന്യായീകരണാകുന്നില്ല. ഒരു പരിഷ്കൃത സമൂഹത്തില്‍ അത്തരം 'ഉടനടി നീതി നടത്തിപ്പ' അനുവദിക്കാനുമാകില്ല. വാഹന ഉടമ ചെറുത്തുനിന്നാല്‍ അത് അരാജകത്വത്തിലേക്കായിരിക്കും നയിക്കുക.-കമ്മീഷന്‍ ചുണ്ടിക്കാട്ടി.
വാഹനം മുതല്‍ പലതും വാങ്ങാന്‍ വായ്പ നലകാന്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്. വായ്പ നല്‍കി പലിശയും ഈടാക്കി കഴിഞ്ഞാല്‍ കടം നല്‍കുന്ന സ്ഥാപനങ്ങളുടെ വിനയമൊക്കെ പോകും. കടമെടുത്തയാള്‍ ഒപ്പിട്ടു നല്‍കുന്ന രേഖകളും ഇത്തരത്തിലുള്ള പെരുമാറ്റത്തിന് അവസരം നല്‍കുന്നതായിരിക്കും. പലപ്പോഴും കടം എടുത്തയാള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ക്കും ഇരയാകുന്നു. അത്തരം പെരുമാറ്റം നിരോധിക്കണം. സംസ്ക്കാര സമ്പന്നവും പരിഷ്കതവുമായ സമൂഹത്തില്‍ അത് അനുവദിച്ചു കൂട. കാട്ടുനീതി നാട്ടില്‍ നടപ്പാക്കാന്‍ അനുവദിക്കരുത്.- വിധിയില്‍ പറഞ്ഞു.
വായ്പാസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വാഹനങള്‍ പിടിച്ചെടുക്കുന്നതിനെതിരെ പലപ്പോഴായി സുപ്രീം കോടതി നല്‍കിയിട്ടുള്ള ഉത്തരവുകളും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം കേസുകളില്‍ പ്രഥമവിവര റിപ്പോര്‍ട്ട് പോലും ഫയല്‍ ചെയ്യാന്‍ തയ്യാറാകാത്ത പൊലീസിന്റെ നടപടിയെയും വിധിയില്‍ വിമര്‍ശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് നീതിപൂര്‍വം പെരുമാറണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുന്നു.
ചെയര്‍മാന്‍ എം ബി ഷാ, അംഗങ്ങളായ രാജലക്ഷ്മി റാവു, ജ. കെ എസ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് 2007 ജൂലൈ 27 നാണ് ഈ വിധി പറഞ്ഞത്.

No comments:

Post a Comment