- ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരും ഉപഭോക്താവുതന്നെ
അഡ്വ. കെ ആര്‍ ദീപ - ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റിലെത്തിയ ആള്‍ കടയുടെ മേല്‍ക്കൂരവീണു മരിച്ചാല്‍ ആര് നഷ്ടപരിഹാരം കൊടുക്കണം? ഉപഭോക്തൃ അവകാശസംരക്ഷണ നിയമപ്രകാരം "ഉപഭോക്താവി"ന്റെ നിര്‍വചനത്തില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ പെടുമോ? കടയുടമയുടെ സേവനത്തിലെ "വീഴ്ച"മൂലമാണ് മരണമെന്ന് വിധിക്കാമോ? ദേശീയ ഉപഭോക്തൃ കമീഷന്‍ കഴിഞ്ഞയാഴ്ച ഇക്കാര്യം തീര്‍പ്പാക്കി. ഭക്ഷണം കഴിക്കാന്‍ വന്നയാള്‍ ഉപഭോക്താവാണ്. കടയുടമ സേവനദാതാവും. നഷ്ടപരിഹാരം നല്‍കിയേ തീരു. സംസ്ഥാന ഫോറം നിശ്ചയിച്ച 10 ലക്ഷം രൂപതന്നെ നല്‍കണം- ദേശീയ കമീഷന്‍ 2011 ഒക്ടോബര്‍ 19ന് വിധിച്ചു. അപകടം നടന്നത് സെക്കന്തരാബാദിലാണ്. മരിച്ചത് മലയാളിയും. ആന്ധ്രപ്രദേശ് സംസ്ഥാന കമീഷന്റെ വിധിക്കെതിരെ കടയുടമ നല്‍കിയ അപ്പീല്‍ തള്ളിയാണ് ദേശീയ കമീഷന്റെ വിധി. ആന്ധ്രയില്‍ യുടിഐ ബാങ്കില്‍ ജോലിചെയ്തിരുന്ന കോതമംഗലം സ്വദേശി സി വ്യാസനും സുഹൃത്ത് മധുവര്‍മയും സെക്കന്തരാബാദിലെ "രശ്മി ഫാമിലി ധാബ"യിലാണ് ഭക്ഷണം കഴിക്കാനെത്തിയത്. സംഭവം 2001 ഫെബ്രുവരി 13ന് രാത്രി എട്ടിനായിരുന്നു. ഭക്ഷണം വിളമ്പുംമുമ്പ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. വ്യാസന്‍ മരിച്ചു. സുഹൃത്ത് കഴുത്തോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെങ്കിലും രക്ഷപ്പെട്ടു. വ്യാസന്റെ അമ്മ ലക്ഷ്മിക്കുട്ടി വാരസ്യാരാണ് ആന്ധ്രപ്രദേശ് സംസ്ഥാന കമീഷനില്‍ പരാതി നല്‍കിയത്. നരസിംഹറാവു എന്നയാളില്‍നിന്ന് വാടകയ്ക്കെടുത്ത മുറിയിലാണ് കടയുടമയായ സവിത പ്രേം കട നടത്തിയിരുന്നത്. നരസിംഹറാവുവിനെയും സവിത പ്രേമിനെയും എതിര്‍കക്ഷികളാക്കിയാണ് കേസ് നല്‍കിയിരുന്നത്. ഇരുവരും ഉത്തരവാദിത്തം നിഷേധിച്ചു. മേല്‍ക്കൂര വീണത് അവരുടെ കുറ്റമല്ലെന്നും "ദൈവത്തിന്റെ ചെയ്തി" യായി കരുതാവുന്ന ദുരന്തമാണിതെന്നും സവിത പ്രേം വാദിച്ചു. കെട്ടിടത്തില്‍ അനധികൃതമായി നടത്തിയിരുന്ന നവീകരണ ജോലികള്‍ക്കിടയിലായിരുന്നു അപകടം എന്ന ആരോപണവും അവര്‍ നിഷേധിച്ചു. റസ്റ്റോറന്റ് നല്ല നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ലൈസന്‍സില്ലെന്ന ആരോപണം തെറ്റാണ്. ലൈസന്‍സ് തകര്‍ന്ന കെട്ടിടത്തിനടിയില്‍ നഷ്ടപ്പെട്ടതാണ്. എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് കിട്ടിയില്ല... ഇങ്ങനെയൊക്കെയായിരുന്നു സവിതയുടെ വാദങ്ങള്‍ . റസ്റ്റോറന്റ് നടത്തിപ്പ് പൂര്‍ണമായും കട നടത്താന്‍ മുറി വാടകയ്ക്കെടുത്തയാളുടെ ഉത്തരവാദിത്തമാണെന്ന് കെട്ടിടയുടമയായ നരസിംഹറാവു വാദിച്ചു. അതുകൊണ്ട് തന്നെ ഒഴിവാക്കണമെന്നും റാവു അഭ്യര്‍ഥിച്ചു. എന്നാല്‍ അറ്റകുറ്റപ്പണിക്കിടെയാണ് കെട്ടിടം തകര്‍ന്നതെന്നും ഇക്കാര്യത്തില്‍ കട നടത്തിയയാളുടെ സേവനത്തില്‍ വീഴ്ചയുണ്ടെന്നും സംസ്ഥാന കമീഷന്‍ കണ്ടു. വേണ്ടത്ര ശ്രദ്ധയില്ലാതെയാണ് കെട്ടിട ഉടമ കെട്ടിടം വാടകയ്ക്കു നല്‍കിയതെന്നും അതുകൊണ്ട് ഉടമയായ നരസിംഹറാവുവിനും ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാന കമീഷന്‍ വിധിച്ചു. സംസ്ഥാന കമീഷനില്‍ ഉന്നയിച്ച വാദങ്ങള്‍തന്നെയാണ് ദേശീയ കമീഷനിലും സവിത പ്രേം ഉന്നയിച്ചത്. മേല്‍ക്കൂര വീണത് "ദൈവത്തിന്റെ ചെയ്തി"യാണെന്ന വാദം കമീഷന്‍ പൂര്‍ണമായി തള്ളി. മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ മാത്രമേ ഇത്തരത്തില്‍ കണക്കാക്കാനാകൂ എന്ന് കമീഷന്‍ വ്യക്തമാക്കി. ഭൂമികുലുക്കംപോലുമില്ലാതെ മേല്‍ക്കൂര വീണതിനെ ദൈവത്തിന്റെ ചെയ്തിയായി പേരിട്ടുവിളിക്കാനാകില്ല. കെട്ടിടം അറ്റകുറ്റപ്പണി നടത്തിയത് വേണ്ടത്ര ശ്രദ്ധയില്ലാതെ ആയതിനാലാണ് മേല്‍ക്കൂര വീണത്. ഇത് അലംഭാവംമൂലമാണ് (മരേ ീള ിലഴഹശഴലിരല). വ്യാസന്‍ ഉപഭോക്താവ് (ഇീിൌാലൃ) എന്ന വാക്കിന്റെ നിര്‍വചനത്തില്‍ വരുമോ എന്ന പ്രശ്നമാണ് കമീഷന്‍ ആദ്യം പരിശോധിച്ചത്. വ്യാസനും സുഹൃത്ത് മധുവര്‍മയും കടയില്‍പോയി എന്നത് തര്‍ക്കമറ്റ കാര്യം. വ്യാസന്റെ മൃതദേഹം കണ്ടത് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ്. മധുവര്‍മയുടെ കഴുത്തുവരെ അവശിഷ്ടങ്ങള്‍ മൂടി. ഇവര്‍ കഴിക്കാനെത്തുമ്പോള്‍ കെട്ടിടത്തില്‍ നവീകരണ ജോലികള്‍ നടന്നിരുന്നുവെന്നും മധുവര്‍മയുടെ മൊഴിയുണ്ട്. വ്യാസനും മധുവും അത്താഴത്തിന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുമ്പോഴായിരുന്നു അപകടമെന്നു വ്യക്തം. വ്യാസന്‍ വെറുതെ ഹോട്ടലില്‍ കയറിയതല്ല. ഭക്ഷണം ഓര്‍ഡര്‍ചെയ്തിരുന്നു. അത് കഴിച്ചുകഴിയുമ്പോള്‍ ബില്‍ വാങ്ങി പണമടയ്ക്കുമായിരുന്നു. വ്യാസന്‍ റസ്റ്റോറന്റിന്റെ ഉപഭോക്താവാകില്ലെന്ന വാദം തീര്‍ത്തും അസ്വീകാര്യമാണ്. റസ്റ്റോറന്റ് നല്‍കേണ്ട സേവനങ്ങളാണ് മറ്റൊരു വിഷയം. ഇത് ഗുണമേന്മയുള്ള ഭക്ഷണം നല്‍കലോ വിളമ്പുകാരുടെ സേവനമോ മാത്രമല്ല. സൗകര്യപ്രദവും സുരക്ഷിതവുമായ സാഹചര്യത്തില്‍ റസ്റ്റോറന്റ് പ്രവര്‍ത്തിപ്പിക്കേണ്ടതും കടയുടമയുടെ ഉത്തരവാദിത്തമാണ്. ഉപഭോക്തൃസംരക്ഷണ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ഉദ്ധരിച്ച് കമീഷന്‍ പറഞ്ഞു. കെട്ടിടം നല്ല നിലയില്‍ നിലനിര്‍ത്തിയിട്ടില്ലെങ്കില്‍ അത് സേവനത്തിലെ അപര്യാപ്തത ( തന്നെയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കടയുടമയെ കുറ്റവിമുക്തമാക്കാനാവില്ല. എന്നാല്‍ കെട്ടിട ഉടമയുമായി, മരിച്ച വ്യാസന് ഏതെങ്കിലും തരത്തില്‍ സേവനദാതാവ്-ഉപഭോക്താവ് ബന്ധമുണ്ടെന്നു പറയാനാകില്ലെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. കെട്ടിടം വാടകയ്ക്കു നല്‍കിയ റാവുവിന് അവിടെ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമില്ല. അതുകൊണ്ട് നഷ്ടപരിഹാരം റാവുവും കടയുടമയും ചേര്‍ന്ന് നല്‍കണമെന്ന സംസ്ഥാന കമീഷന്റെ വിധിക്ക് നിലനില്‍പ്പില്ല. അതുകൊണ്ട് സംസ്ഥാന കമീഷന്‍ നിശ്ചയിച്ച 10 ലക്ഷം രൂപ കടയുടമയായ സവിത പ്രേംതന്നെ നല്‍കണം. സംസ്ഥാന കമീഷന്‍ നിശ്ചയിച്ച നഷ്ടപരിഹാര തുകയില്‍ മാറ്റംവരുത്തേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്ന് ദേശീയ കമീഷന്‍ ചൂണ്ടിക്കാട്ടി. കോടതിച്ചെലവായി 10,000 രൂപയും നല്‍കണം- കമീഷന്‍ വിധിച്ചു. കമീഷന്‍ ചെയര്‍മാന്‍ ജ. വി ആര്‍ കിങ്കാവോണ്‍കര്‍ , അംഗം വിനയ്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
Friday, October 28, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment