Saturday, October 29, 2011

ഫ്ളാറ്റ് വൈകി; പുതിയ ഫ്ളാറ്റോ
നഷ്ടപരിഹാരമോ നല്‍കണം

പറഞ്ഞ സമയത്ത് ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കാതിരുന്ന നിര്‍മ്മാണ കമ്പനി ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയോ എട്ടാഴ്ച്ചക്കകം വാഗ്ദാനം ചെയ്ത വലുപ്പത്തിലുള്ള ഫ്ളാറ്റ് നല്‍കുകയോ വേണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. ഒരു റിട്ടയേഡ് സര്‍ക്കാര്‍ ജീവനക്കാരി നല്‍കിയ കേസില്‍ 2007 ജൂലൈ ഒമ്പതിനാണ് ഈ വിധിയുണ്ടായത്.

ദല്‍ഹിയിലെ അല്‍സാ പ്രോപര്‍ട്ടീസിനെതിരെ വീണാഖന്നയാണ് പരാതി നല്‍കിയത്. 23ലക്ഷം രൂപക്ക് ഫ്ളാറ്റ് വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ പരസ്യം. ഇതനുസരിച്ച് കമ്പനിയുമായി 1996 ജൂലൈ ഒമ്പതിന് വീണ കരാറൊപ്പിട്ടു. 98 വരെ പലഗഡുക്കളായി 15,12,000 രൂപയും അടച്ചു. പണി പുരോഗമിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പണം അടക്കുന്നത് നിര്‍ത്തി. 1999 ജൂണ്‍ ഒന്നിനു മുമ്പായി ഫ്ളാറ്റ് തരാമെന്നായിരുന്നു കരാര്‍. പണി തീര്‍ന്നില്ല ഫ്ളാറ്റും കിട്ടിയില്ല.

അടച്ചപണം 18% പലിശക്ക് തിരികെ വേണമെന്ന് വീണ ആവശ്യപ്പെട്ടു. കമ്പനി കൊടുത്തില്ല. വീണ ദില്ലിയിലെ സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കി.15 ലക്ഷം രൂപ 13% പലിശയോടെ തിരിച്ചു നല്‍കാനായിരുന്നു വിധി. അപേക്ഷക13 % പലിശക്ക് ബാങ്ക് വായ്പയെടുത്താണ് പണം നല്‍കിയതെന്ന് വ്യക്തമായതിനാലാണ് ആ പലിശ അനുവദിച്ചത്.
ഈ വിധിക്കെതിരെ വീണാ ഖന്ന ദേശീയ കമ്മീഷനെ സമീപിക്കുകയായിരുന്നു.
എത്രയും വേഗം ഫ്ളാറ്റ് നല്‍കാനും വൈകിയതിന് നഷ്ട പരിഹാരം നല്‍കാനും ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. ഫ്ളാറ്റ് നല്‍കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ വിലയ്ക്ക് ഫ്ളാറ്റ് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ 20 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നും ആവശ്യപെട്ടിരുന്നു.
സംസ്ഥാന കമമീഷന്റെ വിധി വീഴ്ച്ചവരുത്തിയ കമ്പനിക്ക് അനുകൂലമാകുകയായിരുന്നുവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഫ്ളാറ്റിനും സ്ഥലത്തിനും നന്നായി വില കൂടിയതിനാല്‍ കമ്പനി15 ലക്ഷം രൂപയും പലിശയും തന്ന് രക്ഷപ്പെടുകയാണെന്നും പരാതിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജിവനക്കാരിയായിരുന്ന പരാതിക്കാരിക്ക് ഇപ്പോഴത്തെ വിപണി വിലയ്ക്ക ഫ്ളാറ്റ് വാങ്ങാനാകില്ലെന്നും അതുകൊണ്ട് ഫ്ളാറ്റും നഷ്ട പരിഹാരവും നല്‍കാന്‍ ഉത്തരവിടണമെന്നും വാദമുണ്ടായി. ഇത്അംഗീകരിക്കരുതെന്നായിരുന്നു കമ്പനിയുടെ ആവശ്യം. സംസ്ഥാന കമ്മീഷനില്‍ തുക തിരിച്ചുവേണമെന്നു മാത്രമാണ് പരാതിക്കാരി ആവശ്യപ്പെട്ടതെന്ന വാദവും കമ്പനി ഉയര്‍ത്തി.
അങ്ങനെയൊരാവശ്യം മാത്രമേ പരാതിക്കാരി ഉയര്‍ത്തിയുള്ളൂ എന്ന കാര്യം ദേശീയ കമ്മീഷനും ശരിവെച്ചു. പക്ഷേ ആ പരാതി അഞ്ചുവര്‍ഷം കമീഷനില്‍ കിടന്നു. ഈ സമയത്ത് ഭൂമിക്കും ഫ്ളാറ്റിനും വന്‍തോതില്‍ വിലകയറി.സംസ്ഥാന ഫോറം ഇക്കാര്യം പരിഗണിച്ചില്ല. ഉപഭോക്തൃകോടതികള്‍ പരാതിയിലെ ആവശ്യം മാത്രം നോക്കിയല്ല തീരുമാനമെടുക്കേണ്ടത; വസ്തുതകള്‍ എല്ലാം പരിശോധിക്കണമായിരുന്നു.

കൊടുത്ത പണം പലിശയോടെ തിരിച്ചുകൊടുക്കാനുള്ള കമ്മീഷന്റെ വിധിയുണ്ടായി. പക്ഷ ഈ പണത്തിന് ഒരു റിട്ടയേഡ് സര്‍ക്കാര്‍ ജീവനക്കാരിക്ക് ഇപ്പോള്‍ ഫ്ളാറ്റ് വാങ്ങാനാകില്ല. ഈ സാഹചര്യത്തില്‍ രണ്ടു കാര്യം ചെയ്യാം. ഒന്നുകില്‍ വൈകിയതിന് നഷ്ടപരിഹാരവും നേരത്തേ ആവശ്യപ്പെട്ടിരുന്ന സ്ഥലത്തിന് അടുത്തെവിടെയെങ്കിലും ഫ്ളാറ്റും നല്‍കണം. അല്ലെങ്കില്‍ പുതിയൊരു ഫ്ളാറ്റ് വാങ്ങാന്‍ കഴിയും വിധത്തിലുള്ള തുക കമ്പനി നല്‍കണം. ഫ്ളാറ്റ് നല്‍കുന്നെങ്കില്‍ നേരത്തേ കരാറില്‍ പറഞ്ഞ വലുപ്പത്തിലുള്ളത് നല്‍കണം. അത് എട്ടാഴ്ച്ചക്കകം നല്‍കുകയും വേണം. അത് നല്‍കിയില്ലെങ്കില്‍ ഏഴര ലക്ഷം രൂപ കൂടി പരാതിക്കാരിക്ക് നഷ്ടപരിഹാരം എന്ന നിലയില്‍ നല്‍കണം.- കമ്മീഷന്‍ അധ്യക്ഷന്‍ ജ. എം ബി ഷായുടെ അധ്യക്ഷതയിലുള്ള ബഞ്ച് വിധിച്ചു.

No comments:

Post a Comment